Writer - അൻഫസ് കൊണ്ടോട്ടി
anfas123
അടിമാലി: മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ മാറിത്താമസിച്ചിരുന്നുവെങ്കിലും സർട്ടിഫിക്കറ്റുകളെടുക്കാനായി തിരിച്ചുവരുന്നതിനിടെയാണ് ബിജുവും സന്ധ്യയും അപകടത്തിൽപെട്ടതെന്ന് സന്ധ്യയുടെ പിതാവ്. അപ്രതീക്ഷിതമായ ദുരന്തമായിരുന്നുവെന്നും മകൾ വീട്ടിലില്ലാതിരുന്നതിനാൽ രക്ഷപ്പെട്ടുവെന്നും പിതാവ് പറഞ്ഞു.
22 കുടുംബങ്ങളെ സമീപത്തെ സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നുവെങ്കിലും രേഖകൾ സൂക്ഷിച്ചുവെക്കുന്നതിനായാണ് ഇരുവരും വീട്ടിലേക്ക് തിരിച്ചുപോയതെന്നാണ് പ്രാഥമിക രക്ഷാപ്രവർത്തകരുടെയും നിഗമനം. കുടുങ്ങിക്കിടക്കുമ്പോഴും രക്ഷാപ്രവർത്തകരുമായി സന്ധ്യ ആശയവിനിമയം നടത്തിയിരുന്നുവെന്നും അവർ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജുവിന് ജീവൻ നഷ്ടമാകുകയായിരുന്നു. പരിക്കേറ്റ ഭാര്യ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രിയാണ് അടിമാലിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ഒരു കുടുംബം പൂർണമായും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തെടുത്തത്. കനത്ത മഴയെത്തുടർന്നാണ് മണ്ണിടിഞ്ഞ് വീണത്.