സർഗ്ഗശേഷി മാത്രം കൈമുതലാക്കി സിനിമ ചെയ്യാമെങ്കിൽ പട്ടികജാതിക്കാർക്കും വനിതകൾക്കും ഈ നാട്ടിൽ സിനിമ ചെയ്യാം;അടൂരിനെതിരെ സംവിധായകൻ ബിജു
മൂന്നുമാസത്തെ പരിശീലനം വേണമെന്ന് തോന്നുന്നത് പ്രത്യേകതരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ടാണെന്നും ബിജു വിമർശിച്ചു
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണന് മറുപടിയുമായി സംവിധായകൻ ഡോ.ബിജു. സർഗ്ഗശേഷി മാത്രം കൈമുതലാക്കി സിനിമ ചെയ്യാമെങ്കിൽ പട്ടികജാതി വിഭാഗക്കാർക്കും വനിതകൾക്കും ഈ നാട്ടിൽ സിനിമ ചെയ്യാമെന്നാണ് ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്നുമാസത്തെ പരിശീലനം വേണമെന്ന് തോന്നുന്നത് പ്രത്യേകതരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ടാണെന്നും ബിജു വിമർശിച്ചു.
യാതൊരു പരിശീലനവും ലഭിക്കാതെ നിരവധി സിനിമകൾ ചെയ്ത് പുരസ്‌കാരങ്ങൾ നേടിയ പട്ടികജാതി സംവിധായകനാണ് താനെന്നും ബിജുവിന്റെ പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം;
യാതൊരു പരിശീലനവും ഇല്ലാതെ സർഗ്ഗശേഷി മാത്രം കൈമുതലാക്കിയ അനേകം മനുഷ്യന്മാർക്ക് ഈ നാട്ടിൽ സിനിമ ചെയ്യാമെങ്കിൽ, അതേപോലെ തന്നെ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട ആളുകൾക്കും വനിതകൾക്കും ഈ നാട്ടിൽ സിനിമ ചെയ്യാം. അത് അത്രമേൽ സ്വാഭാവികമായ ഒന്നാണ്. അല്ലാതെ അവർക്ക് മാത്രം സിനിമ ചെയ്യണമെങ്കിൽ മൂന്ന് മാസത്തെ എങ്കിലും തീവ്രമായ പരിശീലനം വേണം എന്നൊക്കെ തോന്നുന്നത് അവരെ നോക്കിക്കാണാൻ പ്രത്യേക തരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ടാണ്.
എന്ന്
യാതൊരു വിധ പരിശീലനവും ലഭിക്കാതെ ഇതുവരെ 15 സിനിമകൾ വിവിധ ഭാഷകളിലും രാജ്യങ്ങളിലും ആയി ചെയ്യുകയും മൂന്ന് ദേശീയ പുരസ്‌കാരങ്ങളും മുപ്പതിലധികം അന്തർദേശീയ പുരസ്‌കാരങ്ങളും ലഭിക്കുകയും ചെയ്ത പട്ടിക ജാതി വിഭാഗത്തിൽ പെട്ട ഒരു സംവിധായകൻ..