സി.എ.എക്കൊപ്പം തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട പ്രചാരണ വിഷയമായി മാസപ്പടി വിവാദവും

ഇ ഡി അന്വേഷണത്തെ ഇടതുമുന്നണി രാഷ്ട്രീയ പ്രേരിതമായിട്ടാണ് കാണുന്നത്

Update: 2024-03-28 01:06 GMT
Editor : Anas Aseen | By : Web Desk
Advertising

തിരുവനന്തപുരം: സി.എ.എ ക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട പ്രചാരണ വിഷയമായി മാസപ്പടി വിവാദവും. മാസപ്പടി വിവാദത്തിലെ ഇ ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതം ആണെന്ന ആരോപണം ഉന്നയിച്ച് മറികടക്കാനാണ് സിപിഎമ്മിന്റെ നീക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്വർണ്ണക്കടത്ത് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ഓർമ്മപ്പെടുത്തിയാണ് ഇടതുമുന്നണിയുടെ പ്രതിരോധം

പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന് പറഞ്ഞ് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിലേക്കാണ് മാസപ്പടി വിവാദം ഇടതുമുന്നണിക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. എക്സാലോജിക്കുമായി ബന്ധപ്പെട്ട വിഷയത്തിലെ ഇ ഡി അന്വേഷണത്തെ ഇടതുമുന്നണി രാഷ്ട്രീയ പ്രേരിതമായിട്ടാണ് കാണുന്നത്.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മറ്റു സംസ്ഥാനങ്ങളിലെ ബിജെപി ഇതര സർക്കാരുകളെ പ്രതിക്കൂട്ടിൽ നിർത്തുന്നത് പോലെ കേരളത്തിലും അവർ ചെയ്യുകയാണെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. മാസപ്പടിയിലെ അന്വേഷണത്തിലൂടെ മുഖ്യമന്ത്രിയെയാണ് കേന്ദ്ര ഏജൻസി ലക്ഷ്യം വെക്കുന്നത് എന്ന ബോധ്യവും സിപിഎമ്മിൽ ഉണ്ട്.ഇതിനെ രാഷ്ട്രീയമായി നേരിടാൻ ആണ് തീരുമാനം.

തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര ഏജൻസികൾ രാഷ്ട്രീയമായി ഇടപെടുന്നു എന്ന് പ്രചരണം കൂടുതൽ ശക്തമാക്കാൻ ആണ് ഇടതുമുന്നണി നീക്കം.പൗരത്വ നിയമഭേദഗതിയായിരുന്നു തെരഞ്ഞെടുപ്പു രംഗത്തെ ആദ്യത്തെ പ്രധാനപ്പെട്ട പ്രചരണ വിഷയം എങ്കിൽ അതിൽ നിന്ന് മാറി വരികയാണ് ഇപ്പോൾ.സിഎഎക്കൊപ്പം മാസപ്പടി വിവാദം കൂടി തെരഞ്ഞെടുപ്പ് രംഗത്തെ ചൂടുപിടിപ്പിക്കുന്നുണ്ട്.ഇ ഡി കടുത്ത നടപടികളിലേക്ക് നീങ്ങിയാൽ നിയമ പോരാട്ടം നടത്താനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News