'കൗൺസിലർ കല രാജുവിനെ സിപിഎം കടത്തിക്കൊണ്ടു പോയതിൽ കൂട്ടുനിന്നു'; മൂവാറ്റുപുഴ ഡിവൈഎസ്പിക്കെതിരെ അന്വേഷണം
അഡീഷണൽ എസ്പിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന നിർദേശം നൽകി
എറണാകുളം: കൗൺസിലർ കല രാജുവിനെ കടത്തിക്കൊണ്ടുപോയെന്ന പരാതിയിൽ മൂവാറ്റുപുഴ ഡിവൈഎസ്പിക്കെതിരെ അന്വേഷണം. അഡീഷണൽ എസ്പിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന നിർദേശം നൽകി. കലാ രാജുവിനെ സിപിഎം കടത്തിക്കൊണ്ടു പോയതിൽ ഡിവൈഎസ്പി കൂട്ടുനിന്നുവെന്ന് പരാതി ഉയർന്നിരുന്നു.
പൊലീസ് സ്റ്റേഷൻ ഉപരോധിച്ച അനൂപ് ജേക്കബ് എംഎൽഎ ഉൾപ്പെടെ 50 ലധികം യുഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തു. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ കൂത്താട്ടുകുളം ഏരിയ സെക്രട്ടറി അടക്കം മൂന്ന് സിപിഎം നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയ അവതരണ നീക്കത്തിനിടെ ആയിരുന്നു നാടകീയ രംഗങ്ങൾ. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്ത തുടർന്ന് എൽഡിഎഫ് കൗൺസിലർ കലാരാജുവിനെ സിപിഎം പ്രവർത്തകർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം സിപിഎം ഓഫീസിൽനിന്നാണ് കൗൺസിലർ കലാരാജു പുറത്തുവന്നത്.