മുണ്ടക്കൈ: രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം

മണ്ണിലാണ്ടുപോയ നാടിനെയും അതിന്റെ സന്തോഷങ്ങളെയും വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളാണ് നാടൊന്നിച്ച് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്.

Update: 2024-08-30 01:07 GMT

വയനാട്: രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം. ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകൃതിദുരന്തം കേരളത്തിനുണ്ടാക്കിയ വേദനയും നഷ്ടവും ഒരിക്കലും മറക്കാവുന്നതല്ല. മണ്ണിലാണ്ടുപോയ നാടിനെയും അതിന്റെ സന്തോഷങ്ങളെയും വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളാണ് നാടൊന്നിച്ച് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്.

ഇരമ്പിയാർത്ത് പെയ്‌തൊരു മഴപ്പകൽ രാവിന് വഴി മാറുന്നു. മുന്നറിയിപ്പുകളും അടയാളങ്ങളും തോരാമഴയിൽ അലിഞ്ഞില്ലാതായി. പുന്നപ്പുഴ ഇതുവരെയില്ലാത്ത വിധം കലങ്ങിച്ചുവന്നത് രാവിരുട്ടിൽ മുണ്ടക്കൈക്കാർ ശ്രദ്ധിച്ചില്ല. എന്തൊരു മഴയാണമ്മേയെന്ന കുഞ്ഞു അടക്കം പറച്ചിലുകളെ വേഗം ഉറങ്ങിയാൽ മഴയും പോകുമെന്ന് ആശ്വസിപ്പിച്ചിരുന്നിരിക്കണം. അവരുറങ്ങി... ആ നിദ്രയിൽ പാതിരാവിൽ ഒരു നാട് മുഴുവൻ ഒരേ പേക്കിനാവ് കണ്ടു. കിനാവാണോ യാഥാർഥ്യമാണോയെന്ന് തിരിച്ചറിയാൻ പോലും സമയം നൽകാതെ ഇരച്ചെത്തിയ ഉരു ഒരു ജനവാസമേഖലയെ കോരിയെടുത്ത് മരണത്തിലേക്ക് കുത്തിയൊലിച്ചിറങ്ങിപ്പോയി. ഈ ഭൂമിയിൽ നമ്മോടൊപ്പമുണ്ടായിരുന്ന കുറെ മനുഷ്യരും അവരുടെ സ്വപ്നങ്ങളും നിസ്സഹായം നിരാലംബം അവിടെ അവസാനിച്ചു

Advertising
Advertising

പിറ്റേന്ന് കോടമഞ്ഞിനൊപ്പം ആ നാടുണർന്നില്ല. പകരം ചെളിയും ചെമ്മണ്ണും കലർന്ന ശ്മശാനഭൂമി. അലമുറകളും തേങ്ങലുകളും മാത്രം. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് മുന്നിൽ നിസ്സഹായതയോടെ കേരളം വിറങ്ങലിച്ചു നിന്നു. നടുക്കവുംം മരവിപ്പും യാഥാർഥ്യബോധത്തിലേക്ക് വഴിമാറി. എവിടെ നിന്നൊക്കെയോ ഇരച്ചെത്തിയ അനേകം മനുഷ്യർ ജീവൻ പണയംവച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങി. സൈന്യം വന്ന് പാലമുണ്ടാക്കി. മൃതദേഹങ്ങൾകൊണ്ട് മോർച്ചറികൾ നിറഞ്ഞു.

ഔദ്യോഗിക കണക്കനുസരിച്ച് 231 പേരാണ് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചത്. മരിച്ചോ ജീവനോടെയുണ്ടോയെന്ന് ഇപ്പോഴും അറിയാത്തവരുടെ എണ്ണം 78, അപ്രത്യക്ഷമായ വീടുകൾ 183, ഒരാൾ പോലും അവേശഷിക്കാതെ പൂർണമായും മണ്ണടിഞ്ഞുപോയ കുടുംബങ്ങൾ 17. യഥാർഥ നഷ്ടം ഇപ്പോഴും തിട്ടപ്പെടുത്താനാകാത്ത മഹാദുരന്തത്തിന്റെ അളക്കാൻ കഴിഞ്ഞ ചില കണക്കുകൾ ഇങ്ങനെയൊക്കെയാണ് ഉരുളിനൊപ്പം വിസ്മൃതിയിലേക്ക് ആണ്ടുപോയവരെക്കാൾ നിർഭാഗ്യവന്മാരാണ് ഇരകളായി ബാക്കിയായവർ.

ഒരു മാസം പിന്നിടുന്നു. പോയ മുണ്ടക്കൈക്ക് പകരം നമുക്ക് പുതിയ മുണ്ടക്കൈ വേണം. ബാക്കിയായവരിൽ നിരാശമാറി പുതിയ കിനാക്കൾക്ക് വിത്തിടണം. ചൂരൽമല്ക്ക് മുകളിൽ പ്രത്യാശയുടെ പുതിയ കോടമഞ്ഞിറങ്ങണം. തേയിലച്ചെടികളിൽ പുതിയ കിളുന്തുകൾ പൊട്ടിവിടരണം. അവരെ നമുക്ക് കൂട്ടിയണച്ചു പിടിക്കണം. ഉറക്കെപ്പറഞ്ഞു തന്നെ അതിജീവിക്കണം. ജീവിതം മുന്നോട്ട്. കൂട്ടാവാം പൊട്ടാത്ത ഉൾക്കരുത്തിന്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News