സമുദായ സംഘടനകളുടെ അഭിപ്രായം സർക്കാർ പരിഗണിക്കണം; ആളുകൾ ഉറങ്ങുന്ന സമയത്ത് മദ്രസ പ്രവർത്തിക്കാൻ കഴിയില്ല: ജിഫ്രി തങ്ങൾ
വിഷയത്തിൽ ചർച്ചക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതോടെ ജിഫ്രി തങ്ങൾ അയഞ്ഞു. ഇത് മാന്യമായ നിലപാടാണെന്നും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: സ്‌കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ മുൻ നിലപാടിനെ വിമർശിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ. മന്ത്രിയുടെ പ്രതികരണം മാന്യമായിരിക്കണം. സമുദായങ്ങളുടെ വോട്ട് കൂടി നേടിയാണ് സർക്കാർ അധികാരത്തിൽ എത്തിയത്. സമുദായ സംഘടനയുടെ കൂടെ അഭിപ്രായം സർക്കാർ പരിഗണിക്കണം. സർക്കാരിന് വാശി പാടില്ല, ചർച്ചക്ക് തയ്യാറാവണം.
ആലോചിച്ച് മറുപടി പറയാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടത്. ആളുകൾ ഉറങ്ങുന്ന സമയത്ത് മദ്രസ പ്രവർത്തിക്കാൻ കഴിയില്ല. ഞങ്ങൾ മുഖ്യമന്ത്രിക്കാണ് നിവേദനം നൽകിയത്. മുഖ്യമന്ത്രിയാണ് വിഷയത്തിൽ ഇടപെടേണ്ടത് എന്നും ജിഫ്രി തങ്ങൾ പറഞ്ഞു.+
അതിനിടെ വിഷയത്തിൽ ചർച്ചക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതോടെ ജിഫ്രി തങ്ങൾ അയഞ്ഞു. ഇത് മാന്യമായ നിലപാടാണെന്നും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടണം. ചർച്ചക്ക് വിളിച്ച സാഹചര്യത്തിൽ പ്രക്ഷോഭ പരിപാടികൾ നിർത്തിവെക്കും. മുസ് ലിം സമുദായം ഉന്നയിച്ച ആവശ്യം പരഗണിക്കേണ്ടതായിരുന്നു. ചർച്ചക്ക് മുൻകൈ എടുക്കാൻ വൈക്കിയെന്ന് പരാതിയുണ്ട്. ചർച്ചയുടെ സമയം വിദ്യാഭ്യാസ മന്ത്രി അറിയിക്കട്ടെയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.