'ജൂണിലെ മുടങ്ങിയ ശമ്പളം ആഗസ്റ്റ് 5 ന് മുമ്പ്'; ചർച്ചയിൽ കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെ ഉറപ്പ്

കെ.എസ്.ആർ.ടി.സിയിലെ ശമ്പള മുടക്കം അവസാനിക്കുമെന്നും സി.എം.ഡി

Update: 2022-07-31 08:08 GMT
Advertising

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകുക മുഖ്യ ലക്ഷ്യമെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ (സി.എം.ഡി) ബിജു പ്രഭാകർ. ജൂണിലെ മുടങ്ങിയ ശമ്പളം ആഗസ്റ്റ് 5 ന് മുമ്പ് നൽകുമെന്നും സി.എം.ഡി വിളിച്ചു ചേർത്ത ചർച്ചയിൽ പറഞ്ഞു. ജൂലൈ മാസത്തെ ശമ്പളം ആഗസ്റ്റ് 10 ന് മുമ്പ് പൂർത്തിയാക്കുമെന്നും വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയിലെ ശമ്പള മുടക്കം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സി.എം.ഡി വിളിച്ച യോഗം ടിഡിഎഫ് ബഹിഷ്‌കരിച്ചു. നാളത്തെ ഇലക്ട്രിക് ബസ് ഉദ്ഘാടനവും ബഹിഷ്‌ക്കരിക്കുമെന്നും ശമ്പളം കിട്ടാതെ സഹകരിക്കില്ലെന്നും ടിഡിഎഫ് സെക്രട്ടറി രാജീവ് ആർ.എൽ പറഞ്ഞു.

സർക്കാർ സഹായം തേടിയ കെ.എസ്.ആർ.ടി.സി എം.ഡിക്ക് കഴിഞ്ഞ ദിവസം ധനവകുപ്പിന്റെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. 20കോടി സർക്കാർ സഹായമായി ആവശ്യപ്പെട്ട ഫയലിന്റെ നിജസ്ഥിതി ആരാഞ്ഞപ്പോഴായിരുന്നു പരിഹാസം. സമയമാകുമ്പോൾ പണം നൽകുമെന്നായിരുന്നു സി.എം.ഡിയോടുള്ള മറുപടി. എട്ട് ദിവസമായി ഫയൽ ധനവകുപ്പിൽ തീരുമാനമെടുക്കാതെ കിടക്കുന്നു. ഇക്കാര്യം ചോദിച്ചപ്പോഴാണ് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ എം.ഡിയെ അവഹേളിച്ചത്.സർക്കാർ സഹായമില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന കാര്യം കെ.എസ്.ആർ.ടി.സി നേരെത്തെ വ്യക്തമാക്കിയിരുന്നു.കെ.എസ്.ആർ.ടി.സിയുടെ കൈവശം നീക്കിയിരിപ്പു തുകകൾ ഒന്നുമില്ലെന്നും എത്രയും പെട്ടന്ന് സർക്കാർ ധനസഹായം ലഭ്യമാക്കണമെന്നുമാണ് ആവശ്യം. എന്നാൽ, നേരത്തെ 30 കോടി നൽകിയതിനാൽ കൂടുതൽ തുക അനുവദിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിന് കെ.എസ്.ആർ.ടി.സി സർക്കാരിനോട് 65 കോടിയാണ് ആവശ്യപ്പെട്ടത്. ജൂലൈയിലെ ശമ്പളം ആഗസ്റ്റ് അഞ്ചിന് മുൻപ് കൊടുക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അതേസമയം, ജൂൺ മാസത്തെ ശമ്പള വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല. ഇനിയും 30 കോടിരൂപ കിട്ടിയാൽ മാത്രമേ ബാക്കിയുള്ളവർക്ക് കൂടി ശമ്പളം നൽകാൻ കഴിയൂ.

സർക്കാർ അനുവദിച്ച 30 കോടി രൂപ കൊണ്ട് മെയ് മാസത്തെ ബാങ്ക് ഓവർ ഡ്രാഫ്റ്റ് അടച്ചു തീർത്ത് 50 കോടിയുടെ പുതിയ ബാങ്ക് ഓവർ ഡ്രാഫ്റ്റ് എടുത്ത് ജൂണിലെ ശമ്പളം നൽകാൻ നേരത്തെ നിശ്ചയിച്ചിരുന്നു. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും മാത്രമാണ് ശമ്പളം നൽകുന്നത്. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ, സൂപ്പർവൈസറി ജീവനക്കാർക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News