വടകരയിൽനിന്ന് കെ. മുരളീധരൻ മാറിയത് പേടിച്ചിട്ട് -ഇ.പി. ജയരാജൻ

‘തോൽക്കുമെന്ന് ഉറപ്പായതുകൊണ്ടാണോ കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ വന്ന് മത്സരിക്കുന്നത്’

Update: 2024-03-08 13:39 GMT
Advertising

തിരുവനന്തപുരം: വടകര ലോക്സഭ മണ്ഡലത്തിൽ മത്സരിക്കാതെ തൃശൂരിലേക്ക് കെ. മുരളീധരൻ എം.പി മാറിയത് പേടിച്ചിട്ടാണെന്ന് ഇ.പി. ജയരാജൻ. വടകരയിൽനിന്ന് തൃശൂരിൽ വന്നാലും കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വീശുന്നത്.

കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന് സമമായിത്തീരും. ആർ.എസ്.എസിന്റെ ശാഖക്ക് കാവൽ നിന്നയാളാണ് താനെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ പറഞ്ഞിട്ടുണ്ട്.

തോൽക്കുമെന്ന് ഉറപ്പായതുകൊണ്ടാണോ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ വന്ന് മത്സരിക്കുന്നതെന്ന് ഇ.പി. ജയരാജൻ ചോദിച്ചു. രാജസ്ഥാനിൽ ബി.ജെ.പിക്ക് ഒരു രാജ്യസഭാ അംഗത്തെ ഉണ്ടാക്കിക്കൊടുക്കാനാണ് കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ വന്നു മത്സരിക്കുന്നത്. ആലപ്പുഴയിൽ ജയിച്ചാൽ രാജസ്ഥാനിലെ രാജ്യസഭ അംഗത്വം കെ.സി. വേണുഗോപാൽ രാജിവെക്കേണ്ടിവരും.

മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തി കേരളത്തിൻറെ വളർച്ചയെയും പുരോഗതിയെയും തകർക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. കോൺഗ്രസ് സ്വീകരിക്കുന്നത് ആർ.എസ്.എസിന്റെ ആശയമാണ്. ആർ.എസ്.എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല.

കോൺഗ്രസ് ഒറ്റതിരിഞ്ഞും കൂട്ടമായും ബി.ജെ.പിയിലേക്ക് പോകുന്നു. അവർ കേരള രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും ദുർബലമാകും. ബി.ജെ.പിയെ പ്രതിരോധിക്കാൻ ഇടതുപക്ഷ മുന്നണി ശക്തിപ്പെടണം. കോൺഗ്രസിനകത്ത് സ്ഥാനാർഥികൾ തമ്മിൽ പോരാണ്. സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇടതുപക്ഷത്തിൻ്റെ സ്വാധീനക്കുറവാണ്. ഇൻഡ്യ മുന്നണി ശക്തിമായി വളർന്നുവരണം. ആർ.എസ്.എസിന്റെ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള നീക്കങ്ങളെ ചെറുക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ.

വന്യമൃഗങ്ങളുടെ ആക്രമണം ശക്തിപ്പെട്ട് വരികയാണ്. വന്യമൃഗങ്ങളെ വെടിവെക്കാൻ സംസ്ഥാനത്തിനും ഉദ്യോഗസ്ഥർക്കും അധികാരമില്ല. കർക്കശമായ വന നിയമമാണ് രാജ്യത്ത് നിലവിലുള്ളത്. ഒരാൾ മൃഗത്തെ വെടിവെച്ചാൽ അയാൾ ജയിലിൽ കിടക്കേണ്ടിവരും.

വന്യമൃഗ ആക്രമണത്തി​ൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം എടുത്തുകൊണ്ടുപോയി പ്രതിഷേധിച്ചത് തെറ്റായ നിലപാടാണ്. കേന്ദ്രസർക്കാർ പാസാക്കിയ നിയമത്തിൽ ഭേദഗതി വരുത്താൻ സംസ്ഥാനത്തിന് കഴിയില്ല. കേന്ദ്രമാണ് ഭേദഗതി വരുത്തേണ്ടത്. വയനാട്ടിലാണ് ഏറ്റവും അധികം വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുന്നത്. അവിടത്തെ എം.പിയാണ് രാഹുൽ ഗാന്ധി. ഈ നിയമം മാറ്റാൻ രാഹുൽ ഗാന്ധി എന്താണ് ചെയ്തതെന്നും ഇ.പി. ജയരാജൻ ചോദിച്ചു.

ക്ഷേമ പെൻഷൻ ഇനിയും വർധിപ്പിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ എത്രയും പെട്ടെന്ന് പണം കൊടുക്കും. എല്ലാവർക്കും പെൻഷൻ കൊടുത്തു തീർക്കാനുള്ള കാര്യങ്ങൾ അടിയന്തരമായി ചെയ്യും.

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടിയെടുക്കേണ്ടത് പാർട്ടിയും എസ്.എഫ്.ഐയും അല്ല. സർവകലാശാലയാണ് നടപടി എടുക്കേണ്ടത്. ഏതെങ്കിലും സംഘടനയുടെ തലയിൽ വെച്ചുകെട്ടി കുറ്റം ചെയ്തവരെ സംരക്ഷിക്കാൻ ആരും പുറപ്പെടരുത്. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടും. പൂക്കോട് നടന്നത് ദുഃഖകരമായ സംഭവമാണ്. ഒരു സംഘടനയിൽപെട്ട ആളുകൾ മാത്രമല്ല അതിലുള്ളത്. കുറ്റം ചെയ്തവരോട് വിട്ടുവീഴ്ചയുണ്ടാകില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഒരു സംഭവം ഉണ്ടായപ്പോൾ അത് എന്താണ് എന്നറിയാനാണ് സി.കെ. ശശീന്ദ്രൻ പോയതെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News