ലീഗിന് രാജ്യസഭാ സീറ്റ് നൽകുന്നതിലൂടെ പൊളിഞ്ഞത് സുധാകരൻ ക്യാമ്പിന്റെ നീക്കങ്ങൾ

സുധാകരനെ രാജ്യസഭയിലേക്ക് അയച്ച് കണ്ണൂർ സീറ്റ് കെ. ജയന്തിന് നൽകുക എന്നതായിരുന്നു സുധാകരൻ പക്ഷത്തിന്റെ ലക്ഷ്യം.

Update: 2024-02-26 08:01 GMT
Advertising

കൊച്ചി: മുസ്‌ലിം ലീഗുമായുള്ള പ്രശ്‌നപരിഹാര ഫോർമുല രൂപപ്പെട്ടതോടെ കെ.സുധാകരൻ ക്യാമ്പിന്റെ പദ്ധതിയാണ് പാളിയത്. സുധാകരനെ രാജ്യസഭയിലേക്ക് അയച്ച് കണ്ണൂർ സീറ്റ് കെ. ജയന്തിന് നൽകുക എന്നതായിരുന്നു സുധാകരൻ പക്ഷത്തിന്റെ ലക്ഷ്യം. ലീഗുമായുള്ള ചർച്ചക്ക് മുന്നോടിയായി കോൺഗ്രസ് നേതാക്കൾ നടത്തിയ അനൗദ്യോഗിക ചർച്ചയിൽ രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യം സുധാകരൻ ഉന്നയിക്കുകയും ചെയ്തിരുന്നു.

കണ്ണൂർ എം.പിയായ കെ. സുധാകരൻ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തേ പരസ്യമായി പ്രഖ്യാപിച്ചതാണ്. ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിനായി സുധാകരൻ നീക്കങ്ങളും ആരംഭിച്ചിരുന്നു. സുധാകരന്റെ അടുത്ത അനുയായിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായി കെ. ജയന്ത് കണ്ണൂർ സീറ്റിനായും ശ്രമം തുടങ്ങി. കെ.പി.സി.സി പ്രസിഡന്റിന്റെ സിറ്റിങ് സീറ്റിൽ ജയന്ത് മത്സരിക്കാനുള്ള സാധ്യത ഏറെയായിരുന്നു.

ലോക്‌സഭയിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യവുമായി ലീഗ് രംഗത്ത് വന്നതോടെ സുധാകരൻ കണ്ണുവച്ച രാജ്യസഭാ സീറ്റ് ചർച്ചയിലേക്ക് വന്നു. ആലുവയിൽ ലീഗുമായുള്ള ഉഭയകക്ഷി ചർച്ചക്ക് തൊട്ടുമുമ്പ് നടന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ സുധാകരൻ തന്റെ ആവശ്യം തുറന്നു പറഞ്ഞു. മുസ്‌ലിം ലീഗിന് പോകാൻ മറ്റൊരിടമില്ലെന്നും രാജ്യസഭാ സീറ്റ് തനിക്ക് നൽകണമെന്നുമായിരുന്നു സുധാകരന്റെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ പ്രതിപക്ഷനേതാവ് തയ്യാറായില്ല.

സുധാകരനെ പിന്തുണക്കുന്ന നിലപാട് രമേശ് ചെന്നിത്തലയും സ്വീകരിച്ചതായി സൂചനയുണ്ട്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ലീഗുമായി നടന്ന ചർച്ചകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ഹൈക്കമാൻറിന്റെ അനുമതിയോടെ മതിയെന്ന ധാരണയും സുധാകരൻ ഇന്നലെ ലംഘിച്ചു. കോൺഗ്രസിലെ ഉൾപ്പാർട്ടി പോരിൽ രാജ്യസഭാ സീറ്റിനെ ചാരിയും പ്രചാരണം നടക്കുന്നുണ്ട്. രാജ്യസഭാ സീറ്റ് വെച്ച് മുസ്‌ലിം ലീഗുമായി ചർച്ച നടത്തുന്നത് തടയാൻ കെ. സുധാകരൻ ക്യാമ്പ് ശക്തമായ നീക്കങ്ങളാണ് നടത്തിയത്. മുസ്‌ലിം ലീഗിന് രാജ്യസഭാ സീറ്റ് നൽകുന്നത് ന്യൂനപക്ഷ പ്രീണനമാണെന്ന പ്രചാരണവും നടത്തി. ഈ ചർച്ചകളെ ചുറ്റിപ്പറ്റി കെ സുധാകരൻ - രമേശ് ചെന്നിത്തല കൂട്ടുകെട്ടും രൂപം കൊണ്ടിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News