കെ. സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസൻ മാവുങ്കലിന്റെ മുൻഡ്രൈവർ

മോൻസന്റെ വീട്ടിൽ വച്ചാണ് ഇടപാട് നടന്നതെന്നും അജിത്ത് മീഡിയവണിനോട്

Update: 2023-06-14 09:21 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസൻ മാവുങ്കലിന്റെ മുൻഡ്രൈവർ അജിത്ത്. പരാതിക്കാരൻ 25 ലക്ഷം രൂപയാണ് കൊണ്ടുവന്നത്. ഇതിൽ 10 ലക്ഷം സുധാകരൻ കൈപ്പറ്റിയെന്നും അജിത്ത് മീഡിയവണിനോട് പറഞ്ഞു. മോൻസന്റെ വീട്ടിൽ വച്ചാണ് ഇടപാട് നടന്നത്. ഇക്കാര്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ക്രൈംബ്രാഞ്ചിനും മൊഴി നൽകിയിട്ടുണ്ടെന്നും അജിത്ത് പറഞ്ഞു.

അതേസമയം, ഇഡി അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മോൻസൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ എംജി ശ്രീജിത്ത്  പറഞ്ഞു. ജീവനക്കാരുടെ മൊഴി എടുത്തത് മോൻസൺ നൽകിയ ഡയറിയുടെ പശ്ചാത്തലത്തിലാണ്. പരാതിക്കാർ ഇപ്പോൾ കാണിക്കുന്ന ബാങ്ക് രേഖകൾ വ്യാജമെന്നും എംജി ശ്രീജിത്ത് പറഞ്ഞു.

മോൻസൻ മാവുങ്കൽ റിട്ടയേർഡ് ഡിഐജി എസ് സുരേന്ദ്രനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളെന്ന് ചൂണ്ടിക്കാട്ടി ഇന്നലെയാണ് പരാതിക്കാരനായ ഷെമീർ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പുറത്തു വിട്ടിരുന്നത്.

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധൃക്ഷൻ കെ സുധാകരന് ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. ഈ മാസം 23 ന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഇന്ന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് നടപടി.

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസമാണ് കെ സുധാകരനെ ക്രൈം ബ്രാഞ്ച് സംഘം പ്രതിയാക്കിയത്. ഇതിന് പിന്നാലെയാണ് ഇന്ന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഇന്ന് ഹാജരാകുന്നതിൽ അസൗകര്യമുണ്ടെന്ന് കെ സുധാകരൻ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.

ജനപ്രതിനിധിയായതിനാൽ തിരക്കുകളുണ്ടെന്നും ചോദ്യം ചെയ്യുന്നതിന് ഒരാഴ്ച മുമ്പെങ്കിലും നോട്ടീസ് നൽകണമായിരുന്നെന്നും ഈ മാസം 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്നും സുധാകരൻ അറിയിച്ചു. സുധാകരന്റെ ഈ ആവശ്യം പരിഗണിച്ചാണ് ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പുതിയ നോട്ടീസ് നൽകിയത്. പരാതിക്കാർ നൽകിയ 25 ലക്ഷം രൂപയിൽ 10 ലക്ഷം കെ സുധാകരൻ കൈപ്പറ്റിയെന്നും ഇതിന്റെ ഡിജിറ്റൽ തെളിവുകളും സാക്ഷി മൊഴികളും ശേഖരിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News