'എന്റെ തീരുമാനമാണ് എന്റെ മനഃസാക്ഷി; കേരളത്തിന്റെ പിന്തുണ ആർ‌ക്കെന്ന് പറയാൻ ഞാന്‍ ആരാ'; കെ സുധാകരൻ

മത്സരം ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖമാണ്. കോൺഗ്രസ് അതിലേക്കു പോകുമ്പോൾ നിങ്ങൾക്ക് അസൂയ വേണ്ട.

Update: 2022-10-05 14:15 GMT

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പരസ്യ പിന്തുണ വിവാദമായതോടെ വീണ്ടും മനഃസാക്ഷി വോട്ടെന്ന നിലപാടിലേക്ക് ചാടി കെ.പി.സി.സി അധ്യക്ഷൻ‍ കെ സുധാകരൻ. ആർക്ക് വോട്ട് ചെയ്യുകയാണെങ്കിലും മനഃസാക്ഷിയുടെ വോട്ടാണെന്ന് സുധാകരൻ പറഞ്ഞു. ശശി തരൂരിനാണെങ്കിലും ഖാർഗെക്കാണെങ്കിലും മനഃസാക്ഷിയുടെ വോട്ടാണ്. എന്റെ തീരുമാനമാണ് എന്റെ മനഃസാക്ഷിയെന്നും കെ സുധാകരൻ പറഞ്ഞു. 

കേരളത്തിന്റെ പിന്തുണ ആര്‍ക്കാണെന്ന് ചോദ്യത്തിന്, 'കേരളത്തിന്റെ പിന്തുണ പ്രഖ്യാപിക്കാന്‍ ഞാന്‍ ആരാ' എന്നായിരുന്നു മറുചോദ്യം. 'എനിക്കങ്ങനെ പറയാന്‍ പറ്റുമോ, വിപ്പ് കൊടുക്കാന്‍ പറ്റുമോ, എനിക്കെന്റെ കാര്യം തീരുമാനിക്കാം'- സുധാകരൻ പറഞ്ഞു. മനഃസാക്ഷി വോട്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണോ എന്ന ചോദ്യത്തിന്, 'മനഃസാക്ഷി വോട്ടെന്നാല്‍ എന്താണ്?, ആര് ആര്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചാലും അത് മനഃസാക്ഷിക്കനുസരിച്ചുള്ള വോട്ടാണ്, അത് ശശിക്കാണെങ്കിലും ഖാര്‍ഗെയ്ക്കാണെങ്കിലും'- എന്നായിരുന്നു മറുപടി.

Advertising
Advertising

'ജനാധിപത്യ തിരഞ്ഞെടുപ്പിൽ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കും. അത് സ്വാഭാവികമാണ്. അതിനകത്ത് ആർക്കും പരാതിയില്ല. ഗാന്ധിജിയുടെ സ്ഥാനാർഥിയും നെഹ്റുവിന്റെ സ്ഥാനാർഥിയും പരസ്പരം മത്സരിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ചരിത്രം അതാണ്. മത്സരം ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖമാണ്. കോൺഗ്രസ് അതിലേക്കു പോകുമ്പോൾ നിങ്ങൾക്ക് അസൂയ വേണ്ട. മാധ്യമങ്ങൾക്ക് വേവലാതിയും വേണ്ട'.

എന്റെ തീരുമാനമാണ് എന്റെ മനഃസാക്ഷി. എന്റെ തീരുമാനത്തിന്റെ വോട്ടാണ് എന്റെ മനഃസാക്ഷിയുടെ വോട്ട്. അത് പറഞ്ഞാല്‍ ആര്‍ക്കും തെറ്റ് പറയാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു. മനഃസാക്ഷി വോട്ട് ചെയ്യാനായിരുന്നു ആദ്യം സുധാകരന്റെ നിലപാട്. എന്നാൽ ഖാർഗെ ഹൈക്കമാൻഡ് സ്ഥാനാർഥിയാണെന്ന കൃത്യമായ സന്ദേശം ലഭിച്ചതോടെ ആദ്യം മനസാക്ഷി വോട്ട് പ്രഖ്യാപിച്ച കെ സുധാകരനടക്കം മലക്കം മറിഞ്ഞു. പരസ്യമായി ഖാർ​ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഇത് വിവാദമാവുകയും തെരഞ്ഞെടുപ്പ് കമ്മിറ്റി മാർ​ഗനിർദേശം പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതോടെ, സുധാകരൻ അടക്കമുള്ളവരുടെ നിലപാടിൽ അതൃപ്തി അറിയിച്ച ശശി തരൂർ, തെരഞ്ഞെടുപ്പ് സമിതിയാണ് ഇതിൽ നടപടി സ്വീകരിക്കേണ്ടത് എന്നും ഇന്നലെ പറഞ്ഞിരുന്നു. കെ. സുധാകരനും തെലങ്കാന പി.സി.സി അധ്യക്ഷനുമടക്കമുള്ളവർ സ്വീകരിച്ച പരസ്യ നിലപാട് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് തരൂർ പക്ഷം പറയുന്നു.

അതേസമയം, തരൂരിനെ അവ​ഗണിക്കുകയാണ് കേരള നേതാക്കൾ. ഹൈക്കമാൻഡ് താൽപര്യത്തെ അവഗണിച്ച് നോട്ടപ്പുള്ളിയാവാൻ ഇല്ലെന്നാണ് അവരുടെ മനസിലിരിപ്പ്. അതിനാൽ തരൂരിനെ നേരിൽ കാണാൻ പോലും മുതിർന്ന നേതാക്കൾക്ക് താൽപര്യമില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും തരൂരിനെ കെ.പി.സി.സി അധ്യക്ഷൻ അവഗണിച്ചതിന് പിന്നിലും ഇത് തന്നെയാണ് കാരണം. ആർക്കും മത്സരിക്കാമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വം ഇപ്പോൾ നടത്തുന്ന നീക്കങ്ങളിൽ തരൂർ അതൃപ്തനാണ്.

കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ തരൂർ എത്തിയപ്പോൾ സ്വീകരിക്കാനെത്തിയത് പ്രാദേശിക നേതാക്കൾ മാത്രമായിരുന്നു. കെ.പി.സി.സി അധ്യക്ഷനടക്കമുള്ള പ്രമുഖ ഭാരവാഹികളാരും ഇന്ദിരാ ഭവനിലേക്ക് എത്തിയില്ല. പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ തരൂർ കെ.പി.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയിൽ നിന്ന് തെരഞ്ഞെടുപ്പ് തിരിച്ചറിയിൽ കാർഡ് വാങ്ങി മടങ്ങി. മുതിർന്ന നേതാക്കളുടെ നിലപാടിനോടുള്ള അതൃപ്തിയും തരൂർ തുറന്ന് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News