കളിയിക്കാവിള കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

കേസിൽ മൂന്ന് പ്രതികൾ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്

Update: 2024-06-28 11:29 GMT

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പ്രതികളിലൊരാളായ സുനിലിന്‍റെ സുഹൃത്ത് പ്രദീപ്‌ ചന്ദ്രനാണ് പിടിയിലായത്. മുഖ്യപ്രതി അമ്പിളിയെ കാറിൽ കൊണ്ടുവിട്ടത് താനും സുനിലുമാണെന്ന് തിരുവനന്തപുരം നേമം സ്വദേശി പ്രദീപ് ചന്ദ്രൻ പൊലീസിനോട് സമ്മതിച്ചു.

കേസിൽ മൂന്ന് പ്രതികൾ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൊല നടത്തിയ അമ്പിളി, സുഹൃത്തും സർജിക്കൽ ഷോപ്പ് ഉടമയുമായ പാറശ്ശാല സ്വദേശി സുനിൽ, സുനിലിന്റെ കടയിലെ സഹായിയും സുഹൃത്തുമായ പ്രദീപ്‌ ചന്ദ്രൻ എന്നിവരാണ് പ്രതികൾ. ഇന്നലെ വൈകീട്ടാണ് പ്രദീപ്‌ ചന്ദ്രനെ നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തുടർന്ന് തമിഴ്നാട് പൊലീസിന് കൈമാറി.

Advertising
Advertising

കൊലപാതകത്തിന് ഉപയോഗിച്ച കട്ടർ ബ്ലേഡ് മറ്റൊരു കടയിൽ നിന്നും വാങ്ങിയതാണെന്നും പ്രദീപ് മൊഴി നൽകി. പണം തട്ടാനായി ദീപുവിനെ അപായപ്പെടുത്താൻ സുനിലും പ്രദീപുമായി ഗൂഢാലോചന നടത്തിയെന്നാണ് അമ്പിളി പൊലീസിന് മൊഴി നൽകിയത്. ദീപു പണവുമായി തമിഴ്നാട്ടിലേക്ക് പോകുന്ന കാര്യം ഒരു മദ്യപാന സദസ്സിൽ വെച്ചാണ് അമ്പിളി സുനിലിനോടും പ്രദീപിനോടും പറഞ്ഞത്. തുടർന്ന് കൃത്യം നടത്തിയ ദിവസം ഇരുവരും ചേർന്ന് കാറിൽ അമ്പിളിയെ കളിയിക്കാവിളയിൽ എത്തിച്ചു.

ഇരുവരുടെയും നിർദേശപ്രകാരമാണോ അമ്പിളി കൊല നടത്തിയതെന്ന സംശയവും പൊലീസിനുണ്ട്. ഇനി സുനിലിനെക്കൂടി കസ്റ്റഡിയിലെടുക്കേണ്ടതുണ്ട്. അതിനൊപ്പം കൊല നടത്തിയ അമ്പിളിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇതിനായി തക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News