സിപിഎമ്മിലെ പ്രശ്നം സിപിഎം തന്നെ പരിഹരിക്കും: കാനം രാജേന്ദ്രന്‍

റിസോർട്ട് വിഷയത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കേണ്ട കാര്യം സിപിഐക്കില്ലെന്നും കാനം

Update: 2022-12-26 13:02 GMT

തിരുവനന്തപുരം: സിപിഎമ്മിലെ പ്രശ്നം സിപിഎം തന്നെ പരിഹരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രശ്നം പരിഹരിക്കാനുള്ള പ്രാപ്തി പാർട്ടിക്കുണ്ട്. റിസോർട്ട് വിഷയത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കേണ്ട കാര്യം സിപിഐക്കില്ലെന്നും കാനം പറഞ്ഞു.

ഇപി ജയരാജനെതിരായ പി.ജയരാജന്‍റെ ആരോപണത്തിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാധ്യമങ്ങളെ നേരിട്ട് കാണുമെന്ന് ഇന്ന്  മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. വിഷയം ചർച്ചചെയ്യുമോയെന്ന ചോദ്യത്തോട്,തണുപ്പ് എങ്ങനെയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

Advertising
Advertising

കണ്ണൂരിലെ റിസോർട്ട് നിർമാണത്തിന്റെ മറവില്‍ സാമ്പത്തിക തിരിമറിയും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായാണ് ജയരാജനെതിരെ ആരോപണം ഉയർന്നത്. ആന്തൂർ നഗരസഭയിലെ നാലാം വാർഡായ ഉടുപ്പക്കുന്നിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം.

ഇ.പി ജയരാജന്റെ മകൻ ജെയ്‌സന്റെ പേരിൽ അനധികൃതമായി കുന്നിടിച്ച് ആയുർവേദ റിസോർട്ട് നിർമിക്കുന്ന വാർത്ത 2018ൽ 'മീഡിയവൺ' പുറത്തുവിട്ടിരുന്നു. പി. ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തായിരുന്നു ഇത്.

ഈ റിസോർട്ടിന്റെ മറവിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടക്കുകയും അനധികൃതമായ സ്വത്തുക്കള്‍ സമ്പാദിക്കുകയും ചെയ്തെന്നാണ് ആരോപിക്കപ്പെടുന്നത്. തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും അന്വേഷണം വേണമെന്നും കമ്മിറ്റിയില്‍ പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, രേഖാമൂലം എഴുതിത്തന്നാല്‍ ആരോപണത്തില്‍ അന്വേഷണം നടത്താമെന്നാണ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്. ജെയ്‌സൻ ചെയർമാനായ സ്വകാര്യ കമ്പനിയാണ് റിസോർട്ട് നിർമിച്ചത്.

പ്രദേശത്തെ ഒമ്പത് ഏക്കർ സ്ഥലത്ത് കുന്നിടിച്ചായിരുന്നു റിസോർട്ട് നിർമാണം. ഇ.പി ജയരാജൻ വ്യവസായ മന്ത്രിയായിരുന്ന സമയത്താണ് റിസോര്‍ട്ടിന്‍റെ ഉദ്ഘാടനം നടന്നത്. ജയരാജന്‍ തന്നെയായിരുന്നു ഉദ്ഘാടകനും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News