കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പി.ആർ അരവിന്ദാക്ഷനും ജിൽസും ഇ.ഡി കസ്റ്റഡിയിൽ

മൂന്ന് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്ത് കഴിഞ്ഞാൽ ഒരു മണിക്കൂർ ഇടവേള നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്

Update: 2023-09-27 11:17 GMT

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ അരവിന്ദാക്ഷനെയും ജിൽസിനെയും കോടതി ഇ.ഡി കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് നാല് മണിവരെയാണ് കസ്റ്റഡി സമയം. നേരത്തെ ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് സത്യവാങ്മൂലത്തിലൂടെ അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യുന്ന വേളയിൽ ഇ.ഡിയുടെ ഭാഗത്ത് നിന്ന് അത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

കൂടാതെ മൂന്ന് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്ത് കഴിഞ്ഞാൽ ഒരു മണിക്കൂർ ഇടവേള നൽകണം. ഈ സമയത്ത് അഭിഭാഷകനെ കാണണമെങ്കിൽ അതിന് അനുവദിക്കണം. ആവശ്യമെങ്കിൽ മെഡിക്കൽ സഹായം നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. അരവിന്ദാക്ഷൻ്റെ ജാമ്യാപേക്ഷ 30 ന് പരിഗണിക്കും.

Advertising
Advertising

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പി.ആർ അരവിന്ദാക്ഷന്റെ കൂടി അറിവോടെയാണ് നടന്നതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. തട്ടിപ്പ് വഴി ലഭിച്ച ബെനാമി ലോണിൽ നിന്നും അരക്കോടി രൂപ കരുവന്നൂർ ബാങ്കിൽതന്നെ സ്ഥിര നിക്ഷേപമായി അരവിന്ദാക്ഷന്റെ പേരിലുണ്ടായിരുന്നു. ഇതിന് വ്യക്തമായ തെളിവുകളുണ്ട്. 2015 മുതൽ 2017 വരെ കോടികളുടെ സാമ്പത്തിക ഇടപാട് നടന്നു. ഇതിനെല്ലാം സതീഷ് കുമാറിന്റെ ബിനാമിയായി പ്രവർത്തിച്ചത് അരവിന്ദാക്ഷനാണെന്നും ഇ.ഡി ആരോപിക്കുന്നുണ്ട്. ഇത് തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങൾ ലഭിച്ചതായും ഇ.ഡി അറിയിച്ചു. ഉന്നത രാഷ്ട്രീയ ബന്ധമുള്ള അരവിന്ദാക്ഷൻ കേസിലെ പ്രധാന സാക്ഷികളെ ഭീഷണിപ്പെടുത്തിയിരുന്നു. മാത്രമല്ല അന്വേഷണവുമായി സഹകരിക്കാനോ ആദായനികുതി വകുപ്പ് രേഖകൾ ഹാജരാക്കാനോ അരവിന്ദാക്ഷൻ തയ്യാറായില്ല. അതിനാൽ ഒരു ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിലെടുക്കുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷൻ. മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി മൊയ്തീൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തിരുന്നു.ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയിൽ പൊലീസ് കൊച്ചി ഇ.ഡി ഓഫീസിൽ പരിശോധന നടത്തിയിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News