ആരോഗ്യമേഖലയിൽ ക്യൂബയുമായി കൈകോർത്ത് കേരളം; ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചർച്ച നടത്തി

തുടർനടപടികൾക്കായി കേരളത്തിലെയും ക്യൂബയിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കും.

Update: 2023-06-15 14:19 GMT

ഹവാന: ആരോഗ്യമേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ ആരോഗ്യരംത്തെ ഉയർന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. പബ്ലിക് ഹെൽത്ത് കെയർ, ട്രോപ്പിക്കൽ മെഡിസിൻ, ന്യൂറോ സയൻസ് റിസർച്ച്, മോളിക്യുലാർ ഇമ്മ്യൂണോളജി, കാൻസർ ചികിത്സ തുടങ്ങിയ മേഖലകളിൽ ലോകപ്രശസ്തമായ ക്യൂബൻ ആരോഗ്യ സംവിധാനത്തെക്കുറിച്ച് മുഖ്യമന്ത്രി ചർച്ചയിൽ സൂചിപ്പിച്ചു.

അന്താരാഷ്ട്ര നിലവാരത്തോടെ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നിർമിക്കുന്നതിൽ ക്യൂബൻ ബയോടെക്നോളജിയും ഫാർമസ്യൂട്ടിക്കൽസും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഈ രംഗത്തെ സഹകരണമുറപ്പാക്കുന്നതോടെ ആകർഷണീയമായ മാറ്റങ്ങളാണ് കേരളത്തിലുണ്ടാവുക. ആരോഗ്യ- അനുബന്ധ മേഖകളിൽ ആഗോള പങ്കാളിത്തവും നിക്ഷേപവും സ്വാഗതം ചെയ്ത മുഖ്യമന്ത്രി ബയോക്യൂബഫാർമയുമായി സഹകരിച്ച് കേരളത്തിൽ ഒരു വാക്‌സിൻ നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താൽപര്യവും അറിയിച്ചു. ക്യുബയിലേയും കേരളത്തിലെയും ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ സഹകരണത്തിനും നിരന്തര ആശയ വിനിമയത്തിനുമുള്ള സാഹചര്യങ്ങൾ ഒരുക്കും. വാർഷിക ശിൽപശാലകളിലൂടെയും മറ്റും ഈ രംഗത്തെ ബന്ധം സുദീർഘമായി നിലനിർത്താൻ കഴിയുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Advertising
Advertising

തുടർനടപടികൾക്കായി കേരളത്തിലെയും ക്യൂബയിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കും. കേരളത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇതിന് നേതൃത്വം വഹിക്കും. ആരോഗ്യ, ഗവേഷണ, നിർമാണ രംഗത്തെ കൂടുതൽ ചർച്ചകൾക്കായി വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്യൂബൻ പ്രതിനിധി സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

ബയോക്യൂബഫാർമ പ്രസിഡണ്ട് എഡ്വാർഡോ മാർട്ടിനെസ് ഡിയസ്, നാഷണൽ സെന്റർ ഫോർ ന്യൂറോ സയൻസസ് ഡയറക്ടർ ജനറൽ ഡോ. മിച്ചൽ വാൽഡെസ് സോസ, സെന്റർ ഫോർ മോളിക്യുലാർ ഇമ്മ്യൂണോളജി ഡയറക്ടർ ജനറൽ എഡ്വാർഡോ ഒജിറ്റോ മാഗസ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

മന്ത്രി കെ.എൻ ബാലഗോപാൽ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി.പി ജോയ്, സംസ്ഥാന സർക്കാരിന്റെ ന്യൂഡൽഹിയിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും പങ്കെടുത്തു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News