എസ്‌ഐആറിനെതിരായ കേരളത്തിന്റെ ഹരജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും
എസ്ഐആർ മാറ്റിവെക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്
ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആറിനെതിരായ ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. കേരളത്തിലെ എസ്ഐആർ മാറ്റിവയ്ക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
ബിഎൽ ഒ യുടെ മരണം എസ്ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടികാട്ടി.എസ്ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ച് മുന്നോട്ട് പോകും.
എസ്ഐആർ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടി. എസ്ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ ഭരണപരമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു. കേരളത്തിലെ എസ്ഐആറിനെതിരെ സംസ്ഥാന സർക്കാരിന്റെ പുറമേ സിപിഎം സിപിഐ കോൺഗ്രസ്, മുസ്‍ലിം ലീഗ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരാണ് കോടതിയെ സമീപിച്ചത്.
അതിനിടെ, യുപിയിൽ ജോലി സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബിഎൽഒ സർവേഷ് സിംഗിന്റെ വീഡിയോ പുറത്ത് വന്നു. ജോലി സമ്മർദവും തന്റെ നിസ്സഹായതയും സർവേഷ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.