അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നു; മണിപ്പൂർ കലാപം രാജ്യത്തിന് നാണക്കേടായി: മല്ലികാർജുൻ ഖാർഗെ

രാജ്യത്ത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒരു കർഷകൻ പോലും ദുരിതത്തിലാവില്ല. രാജ്യത്ത് വികസനവും, ക്ഷേമവും, സമൃദ്ധിയും കോൺഗ്രസ് കൊണ്ടുവരുമെന്നും ഖാർഗെ പറഞ്ഞു.

Update: 2024-02-04 14:40 GMT
Advertising

തൃശൂർ: ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്‌സ് തുടങ്ങി സകല അന്വേഷണ ഏജൻസികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് കേന്ദ്രസർക്കാർ പ്രതിപക്ഷനേതാക്കളെ വേട്ടയാടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സംഘപരിവാർ ബന്ധം മാത്രമാണ് ഉന്നത പദവികളിലേക്കുള്ള മാനദണ്ഡം. ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ നമ്മൾ ഒന്നാകണം. സംസ്ഥാനം നേരിടുന്ന എല്ലാ വിഷയവും കോൺഗ്രസ് മനസിലാക്കുന്നു. കേരളം ആഗ്രഹിക്കുന്നത് നൽകാൻ കോൺഗ്രസിനാവുമെന്നും ഖാർഗെ പറഞ്ഞു. തൃശൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാജനസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെല്ലുവിളികൾ ഉണ്ടായിരുന്നപ്പോഴും ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ അനേകം നേട്ടങ്ങൾ കേരളം സ്വന്തമാക്കി. കെ. കരുണാകരന്റെ വാക്കിന് വലിയ വില കോൺഗ്രസ് എന്നും ൽകിയിരുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളെ ഓർക്കാതെ ഇവിടെ സംസാരിക്കാൻ പറ്റില്ല. കേരളത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാറുകൾ വികസനം മാത്രമായിരുന്നു ലക്ഷ്യംവെച്ചത്. പ്രിയങ്കരനായ ഉമ്മൻചാണ്ടി ഈ നാടിനെ ചേർത്തുപിടിച്ചതിന്റെ തെളിവാണ് ജനസമ്പർക്ക പരിപാടി. രാജ്യത്തെ ഒരു മുഖ്യമന്ത്രിമാർക്കും നേടാനാവാത്ത നേട്ടം നേടിയ അദ്ദേഹത്തെ ഓർത്ത് അഭിമാനമാണ്.

ഈ രാജ്യത്ത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒരു കർഷകൻ പോലും ദുരിതത്തിലാവില്ല. രാജ്യത്ത് വികസനവും, ക്ഷേമവും, സമൃദ്ധിയും കോൺഗ്രസ് കൊണ്ടുവരും. നിർണായകമായ ഇലക്ഷനാണ് വരുന്നത്. എല്ലാവരും ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം നിൽക്കണം. കോൺഗ്രസിന് വോട്ട് ചെയ്യണം, വോട്ട് കേവലമൊരു പിന്തുണയല്ല അപകടത്തിൽ നിന്ന് ഈ രാജ്യത്തെ കരകയറ്റാനുള്ള തീരുമാനമാണ്. കേരളം നമ്മൾ ജയിച്ചാൽ ഇന്ത്യ തന്നെ നമ്മൾ ജയിക്കും. കന്യാകുമാരി മുതൽ കശ്മീർ വരെയും ബംഗാൾ മുതൽ ഗുജറാത്ത് വരെയുള്ള പാർട്ടിയാണ് കോൺഗ്രസ് എന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

മണിപ്പൂരിൽ നടന്ന പീഡനങ്ങൾ രാജ്യത്തെ വലിയ നാണക്കേടിലാക്കി. മണിപുരിലെ അക്രമസംഭവങ്ങൾ തടയുന്നതിൽ പരാജയപെട്ട സർക്കാർ എല്ലാം നോക്കി നിൽക്കുകയാണ്. രാഹുൽ ഗാന്ധിക്കും കേരളത്തിലെ നേതാക്കൾക്കും അവിടെ പോകാമെങ്കിൽ എന്തുകൊണ്ട് മോദിക്ക് ഇതുവരെ പോകാൻ കഴിയാത്തത്. രാജ്യമെമ്പാടും രാഷ്ട്രിയ റാലി സംഘടിപ്പിക്കാനും ലക്ഷ്വദീപിൽ അവധി ആഘോഷിക്കാൻ പോകാനും അദ്ദേഹത്തിന് സമയമുണ്ട്. പക്ഷേ മണിപ്പൂരിൽ പോകാൻ സാധിക്കില്ല. പ്രിയങ്കരനായ രാഹുൽ ഗാന്ധി ഒരു ഭയവുമില്ലാതെയാണ് ആക്രമണമുണ്ടായ സ്ഥലങ്ങളിൽ പോയത്. അവരെ ആശ്വസിപ്പിക്കാൻ അദ്ദേഹത്തിനായി. അതുകൊണ്ടാണ് രണ്ടാമത്തെ ഭാരത് ജോഡോ ന്യായ് യാത്ര അദ്ദേഹം മണിപ്പൂരിൽ നിന്നും ആരംഭിച്ചതെന്നും ഖാർഗെ പറഞ്ഞു.

സബ്സിഡികൾ മുഴുവൻ നിർത്തലാക്കിയ ശേഷം താൻ പാവപെട്ടവർക്കൊപ്പം എന്നാണ് മോദി പറയുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കോൺഗ്രസിനാകും, കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരും. ജാതിയും മതവും പറഞ്ഞു വർഗീയത പരത്തുന്ന ബി.ജെ.പിയുടെ കുടിലതന്ത്രങ്ങൾക്ക് മുന്നിൽ വീഴരുത്. സ്ത്രീവിരുദ്ധരായ പാർട്ടിയാണ് സ്ത്രീശാക്തികരണത്തിന് വോട്ട് ചോദിക്കുന്നത്. രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ വനിതാ ഗുസ്തി താരങ്ങളോട് അഭിപ്രായം പോലും ചോദിക്കാതെ തങ്ങളുടെ എം.പിയെ രക്ഷിക്കാൻ മാത്രമാണ് അവർ ശ്രമിച്ചത്. ഓരോ മണിക്കൂറിലും സ്ത്രീകൾക്കെതിരെ 51 കേസുകൾ രാജ്യത്ത് രേഖപ്പെടുത്തുന്നു. പൊതുമേഖല സ്ഥാപനങ്ങളെ പൂർണമായും തളർത്തി, തന്റെ സുഹൃത്തുക്കളായ ചിലരുടെ സ്വകാര്യ കമ്പനികൾക്ക് മാത്രമാണ് മോദി പ്രാധാന്യം കൊടുക്കുന്നതെന്നും ഖാർഗെ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News