കുടുംബത്തോടൊപ്പം വിനോദയാത്ര,ഒടുവിൽ കണ്ണീർ മടക്കം; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം വൈകിട്ട് കൊച്ചിയിലെത്തിക്കും
തിങ്കളാഴ്ചയാണ് ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും കുടുംബവും വിനോദയാത്രയ്ക്കായി ശ്രീനഗറിലേക്ക് യാത്ര തിരിച്ചത്
ശ്രീനഗര്‍: പഹൽഗാം ഭീകരാക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് രാജ്യം. മലയാളിയടക്കം ൨൮ പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മരിച്ച എറണാകുളം ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രന്‍റെ (65) മൃതദേഹം വൈകീട്ട് ഏഴരക്ക് നെടുമ്പാശേരിയിൽ എത്തിക്കും. രണ്ട് വിമാനങ്ങളിലാണ് മൃതദേഹം എത്തിക്കുന്നത് ശ്രീനഗറിൽ നിന്നും രാവിലെ 11.30 ഓടെ എയർ ഇന്ത്യ വിമാനം Al 1828 ൽ ഡൽഹിയിൽ മൃതദേഹം എത്തിക്കും. തുടർന്ന് Al 503 ഡൽഹിയിൽ നിന്നും 5.10 ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 7.30 ന് നെടുമ്പാശ്ശേരി എത്തിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
തിങ്കളാഴ്ചയാണ് രാമചന്ദ്രനും കുടുംബവും വിനോദയാത്രയ്ക്കായി ശ്രീനഗറിലേക്ക് യാത്ര തിരിച്ചത്. ഭാര്യയ്ക്കും മകൾക്കും മകളുടെ രണ്ടു കുട്ടികൾക്കുമൊപ്പമാണ് അവധി ആഘോഷിക്കാനായി പഹൽഗാമിൽ എത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ രാമചന്ദ്രന്‍റെ മരണവാർത്ത എറണാകുളത്തുള്ള ബന്ധുക്കൾക്ക് ലഭിച്ചു. പിന്നാലെ കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്ന വിവരവും എത്തി.
ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന മകൻ കുടുംബത്തിന്‍റെ അടുത്തേക്ക് പുറപ്പെട്ടു. കുടുംബാംഗങ്ങളെ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനും മറ്റ് നടപടികൾ പൂർത്തിയാക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാമചന്ദ്രൻ എറണാകുളത്ത് ബിസിനസ് നടത്തിവരികയാണ്. കുടുംബത്തോടൊപ്പം വർഷങ്ങളായി ഇടപ്പള്ളിയിലെ മാങ്ങാട്ട് റോഡിലാണ് താമസം. ആക്രമണത്തിൽ കൊച്ചിയിലെ നേവി ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നേവൽ എന്നയാളും കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി.പരിക്കേറ്റ 15 പേർ ചികിത്സയിലാണ്.ഭീകരർക്കായി സൈന്യത്തിന്‍റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. ഏഴ് അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് വിവരം. അന്വേഷണ സംഘം ശ്രീനഗറിലെത്തി. സൗദിയിൽ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, വിദേശകാര്യ മന്ത്രി തുടങ്ങിയവരുമായി സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര മന്ത്രിസഭായോഗവും ഇന്ന് ചേരും.ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭീകരാക്രമണം നടന്ന സ്ഥലവും ആശുപത്രിയിൽ കഴിയുന്നവരെയും സന്ദർശിച്ചേക്കും.