16 വാർഡുകളിൽ പത്തും നേടിയിട്ടും പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ലഭിക്കാതെ യുഡിഎഫ്
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫും എൻഡിഎയും മൂന്നുസീറ്റ് വീതം നേടി
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ട്വിസ്റ്റുകൾക്കും അപ്പുറമാണ് അത് കഴിഞ്ഞുള്ള ഭാരവാഹി തെരഞ്ഞെടുപ്പുകൾ. 16 വാർഡുകളിൽ പത്തും നേടിയിട്ടും കൊല്ലം അലയമൺ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് അംഗം പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ദുഖത്തിലാണ് യുഡിഎഫ് . തെരഞ്ഞെടുപ്പിൽ എൽഡിഎഫും എൻഡിഎയും മൂന്നുസീറ്റ് വീതം നേടി.
പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ഇക്കുറി പട്ടിക ജാതി സംവരണമായിരുന്നു. എന്നാൽ യുഡിഎഫില്‍ നിന്ന് സംവരണ സീറ്റിൽ ആരും വിജയിച്ചില്ല. ഇതോടെയാണ് സിപിഎമ്മിലെ എസ്. ആനന്ദിനെ പ്രസിഡൻ്റായി തിരഞ്ഞെടുത്തത്.
അതേ സമയം, തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ എട്ട് വാർഡ് അംഗങ്ങൾ കോൺഗ്രസിൽ നിന്ന് രാജിവച്ചു. മറ്റത്തൂരിൽ എൽഡിഎഫ് പത്ത് സീറ്റിലും യുഡിഎഫ് എട്ട് സീറ്റിലും രണ്ട് കോൺഗ്രസ് വിമതരും വിജയിച്ചിരുന്നു. വിമതരെ പാർട്ടിയിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് നിലവിലെ വാർഡ് മെമ്പർമാരുടെ രാജി.
പാർട്ടി നേതൃത്വം മറ്റത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയോടും പ്രവർത്തകരോടും കാണിച്ച നീതികേടിൽ പ്രതിഷേധിച്ച് രാജിവെക്കുന്നുവെന്നാണ് അംഗങ്ങളുടെ വിശദീകരണം. മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, ലിന്റോ പള്ളിപറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നിവരാണ് രാജിവെച്ച അംഗങ്ങൾ.