കൊല്ലം പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

പൊലീസ് നീതി നിഷേധിച്ചുവെന്നും വിഷയത്തിൽ മന്ത്രി ഇടപെട്ടത് നിയമപരമായി തെറ്റാണെന്നും പരാതിക്കാരി പറഞ്ഞു.

Update: 2021-07-21 01:43 GMT

കൊല്ലം കുണ്ടറയില്‍ എന്‍.സി.പി നേതാവിനെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. യുവതി നൽകിയ പരാതിയിൽ എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം പത്മാകരനെതിരെയും കുണ്ടറ സ്വദേശിയായ രാജീവിനെതിരെയും കേസെടുത്തിട്ടുണ്ട്.

അതേസമയം, പീഡന പരാതിയില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്. രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്നാണ് ആരോപണം. അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ദക്ഷിണ മേഖല ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് ഡി.ജി.പി നിർദേശം നൽകി.

Advertising
Advertising

പൊലീസ് നീതി നിഷേധിച്ചുവെന്നും വിഷയത്തിൽ മന്ത്രി ഇടപെട്ടത് നിയമപരമായി തെറ്റാണെന്നും പരാതിക്കാരി വ്യക്തമാക്കി. തന്റെ രാഷ്ട്രീയ പാർട്ടി ആവശ്യപ്പെട്ടാൽ നിയമപോരാട്ടത്തിന് തയ്യാറാണെന്നും യുവതി മീഡിയവണിനോട് പറഞ്ഞു.  

യുവതിയുടെ പീഡന പരാതിയിൽ ഒരു നടപടിയും സ്വീകരിക്കാത്ത പൊലീസ് വിമർശനം നേരിട്ടപ്പോഴാണ് തുടർ നടപടികൾ ആരംഭിച്ചത്. സംഭവത്തിൽ യുവതിയുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ വീട്ടിൽ എത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് സംഘം പ്രാഥമികമായ വിവരങ്ങൾ ശേഖരിച്ചു മടങ്ങിയിരുന്നു.

ഇന്നലെ വൈകിട്ട് ആറു മണിക്ക് മൊഴി നൽകാനായി സ്റ്റേഷനിലെത്താന്‍ നിർദ്ദേശിച്ചെങ്കിലും അസമയത്ത് മൊഴി നൽകാൻ പോകേണ്ടതില്ലെന്ന നിയമോപദേശമാണ് യുവതിക്ക് ലഭിച്ചത്. തുടർന്നാണ് ഇന്ന് മൊഴി നൽകുന്നത്.

പരാതിയെക്കുറിച്ച് അന്വേഷിക്കാൻ എൻ.സി.പി നിയോഗിച്ച സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഇന്ന് കൊല്ലത്തെത്തി പരാതിക്കാരുമായി സംസാരിക്കും. വിഷയത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾ ഇന്ന് കൊല്ലത്ത് പ്രതിഷേധങ്ങളും സംഘടിപ്പിക്കും. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News