പട്ടാപ്പകൽ മോഷണം: റിട്ടയേഡ് അധ്യാപികയെ ബന്ദിയാക്കി ഏഴു പവൻ കവർന്നു

വായിൽ തുണി തിരുകി കൈകൾ കെട്ടിയിട്ട് കഴുത്തിൽ കത്തിവെച്ചായിരുന്നു മോഷണം

Update: 2023-06-11 01:49 GMT

കൊല്ലം: കടയ്ക്കലിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു. ഏഴ് പവൻ സ്വർണവും 7000 രൂപയുമാണ് മോഷ്ടിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.

കടയ്ക്കൽ പൊലീസ് സ്റ്റേഷന് അടുത്തുള്ള വീട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മോഷണം നടന്നത്. 77കാരിയായ വിരമിച്ച അധ്യാപിക ഓമനയുടെ വായിൽ തുണി തിരുകി കൈകൾ കെട്ടിയിട്ട് കഴുത്തിൽ കത്തിവെച്ചായിരുന്നു മോഷണം. ഉറങ്ങാനായി മുറിയിൽ കയറിയ ഓമന കട്ടിലിനടിയിൽ മോഷ്ടാവിനെ കണ്ടു. തുടർന്ന് ഓമനയെ കെട്ടിയിട്ടാണ് മോഷണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

Advertising
Advertising

ആക്രമണത്തിൽ പരിക്കേറ്റ ഓമനയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. കടക്കൽ പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു മോഷ്ടാവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്.

മോഷ്ടാവ് തൊപ്പിയും കണ്ണടയും വെച്ചിരുന്നുവെന്നും കറുത്തു തടിച്ചയാളാണെന്നുമാണ് ഓമനയുടെ മൊഴി. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News