'റിയൂസ് ഹീറോസ്, റിയൽ ഹീറോസ്'; പഴയ ബാഗും കുടയുമായി സ്‌കൂളിൽ പോകാം, ശുചിത്വ മിഷൻ നൽകും എ പ്ലസ്
പുനരുപയോഗം പ്രോത്സാഹിപ്പിച്ച് മലിനീകരണം കുറയ്ക്കണമെന്ന ആശയം വിദ്യാർഥികളിലും പൊതുസമൂഹത്തിലും എത്തിക്കുന്നതിനായി 'റി യൂസ് ഹീറോസ് റിയർ ഹീറോസ്' എന്ന പേരിൽ ക്യാമ്പയിന് ഒരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ശുചിത്വ മിഷൻ.
കോഴിക്കോട്: സ്‌കൂളുകളിൽ പുതിയ അധ്യയനവർഷം തുടങ്ങാൻ പോവുകയാണ്. പുതിയ ബാഗും കുടയും ചെരുപ്പുമെല്ലാം വേണമെന്ന് പറഞ്ഞ് വാശി പിടിക്കുന്നവരാണ് കുട്ടികൾ. കുട്ടികളെ ആകർഷിക്കാനായി പല നിറത്തിലും മോഡലിലുമുള്ള സാധനങ്ങൾകൊണ്ട് സ്‌കൂൾ വിപണി നിറയുന്ന സമയവുമാണിത്. എന്നാൽ ഇത്തവണ സ്‌കൂളിൽ പോകാൻ പുത്തൻ സാധനങ്ങൾക്ക് പഴയത് ഉപയോഗിച്ചാലോ? അതിന് അംഗീകാരവും ലഭിക്കും.
പുനരുപയോഗം പ്രോത്സാഹിപ്പിച്ച് മലിനീകരണം കുറയ്ക്കണമെന്ന ആശയം വിദ്യാർഥികളിലും പൊതുസമൂഹത്തിലും എത്തിക്കുന്നതിനായി 'റി യൂസ് ഹീറോസ് റിയർ ഹീറോസ്' എന്ന പേരിൽ ക്യാമ്പയിന് ഒരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ശുചിത്വ മിഷൻ. ഇതിന്റെ ഭാഗമായി പഴയ കുട, ചെരുപ്പ്, വാട്ടർ ബോട്ടിൽ, ചോറ്റു പാത്രം...തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നുമായി പുതിയ അധ്യയന വർഷം സ്‌കൂളിൽ എത്തുന്നവർക്ക് 'എ പ്ലസ്' സാക്ഷ്യപത്രവും അല്ലാത്തവർക്ക് പുനരുപയോഗത്തിന്റെ പ്രാധ്യാന്യം ബോധ്യപ്പെടുത്തുന്ന 'ബി പോസിറ്റീവ്' സാക്ഷ്യപത്രവും ലഭ്യമാക്കും. ക്യാമ്പയിന്റെ വിവരങ്ങൾ കോഴിക്കോട് കലക്ടർ സ്‌നേഹിൽ കുമാർ സിങ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്.
കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
റിയൂസ് ഹീറോസ് - റിയൽ ഹീറോസ്
പുനരുപയോഗം അഭിമാനമാണ്
വിദ്യാർത്ഥി ലോകം പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പഴയ തലമുറയുടെ രീതികളിൽ നിന്നും മാറി പുതിയ കുട, ചെരുപ്പ്, ബാഗ്, യൂണിഫോം... എന്നിവയുടെ ഉപയോഗം ഗമയും അഭിമാനവുമായി കാണുന്ന ശീലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ സമൂഹത്തിൽ കൂടി വരുന്നുണ്ട്. പഴയത് ഉപയോഗിച്ചാൽ മറ്റുള്ളവർക്ക് മുൻപിൽ ചെറുതായി പോകുമോ എന്ന ചിന്തയും പരസ്യ കമ്പോളങ്ങളുടെ പിടിമുറുക്കവുമാണ് ഒരു പരിധി വരെ ഇതിന് കാരണം.
ഇവിടെ; *പുനരുപയോഗം അഭിമാനമാണ്, പ്രകൃതി വിഭവങ്ങളാൽ നിർമ്മിതമായ എല്ലാ വസ്തുക്കളുടെയും പുനരുപയോഗം ഭൂമിയുടെ ആയുസ്സ് വർദ്ധിപ്പിക്കും, പുനരുപയോഗം മാലിന്യ ഉൽപ്പാദനം കുറയ്ക്കും* എന്നീ ആശയങ്ങൾ വിദ്യാർത്ഥികളിലും പൊതു സമൂഹത്തിലും എത്തിക്കുന്നതിനായി *’റിയൂസ് ഹീറോസ്, റിയൽ ഹീറോസ്’* എന്ന പേരിൽ ക്യാമ്പയിന് ഒരുങ്ങുകയാണ് ജില്ലാ ശുചിത്വ മിഷൻ. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പ്രവർത്തനം.
ഇതിൻ്റെ ഭാഗമായി; പഴയ കുട, ചെരുപ്പ്, വാട്ടർ ബോട്ടിൽ, ചോറ്റ് പാത്രം... എന്നിവയിൽ ഏതെങ്കിലും ഒന്നുമായി പുതിയ അധ്യയന വർഷം വിദ്യാലയങ്ങളിൾ എത്തുന്നവർക്ക് *”A+ സാക്ഷ്യപത്രവും”*, അല്ലാത്ത മുഴുവൻ കുട്ടികൾക്കും പുനരുപയോഗത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന *”ബി പോസിറ്റീവ്”* സാക്ഷ്യപത്രവും ലഭ്യമാക്കും. ക്യാമ്പയിനെ പ്രോൽസാഹിപ്പിക്കുന്ന ക്ലാസ്സ് അധ്യാപകർക്കും വിദ്യാലയങ്ങൾക്കും ഇതേ മാതൃകയിൽ പ്രോൽസാഹന സാക്ഷ്യപത്രങ്ങൾ നൽകും. ക്യാമ്പയിനോട് സത്യസന്ധത പുലർത്തേണ്ടത് പങ്കെടുക്കുന്നവരുടെ ഉത്തരവാദിത്തമാണ്.
രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ ഇമെയിൽ വിലാസത്തിലേക്കാവും സാക്ഷ്യപത്രങ്ങൾ ലഭ്യമാവുക. ഇതിനായി ശുചിത്വ മിഷൻ നൽകുന്ന ലിങ്കിൽ പുനരുപയോഗ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ആകർഷകമായ ഫോട്ടോകൾ സഹിതം വിദ്യാർത്ഥികളും അധ്യാപകരും വിദ്യാലയങ്ങളും അപേക്ഷ സമർപ്പിക്കണം. ഒന്ന് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഈ പരിപാടിയുടെ ഭാഗമാവാം. ജൂൺ രണ്ടിന് തുടങ്ങി ജൂലൈ അഞ്ചിന് ക്യാമ്പയിൻ അവസാനിക്കും.