രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി
പേരില്ലാത്ത പരാതിയാണെങ്കിൽ പോലും അതിന്റെ ഗൗരവം പരിഗണിച്ച് ഡിജിപിക്ക് അയച്ചുകൊടുത്തെന്ന് കെ. മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി കെപിസിസി. ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയുടെ പരാതിയാണ് ഡിജിപിക്ക് കൈമാറിയത്. പരാതി ഡിജിപിക്ക് കൈമാറിയതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റ് എ.പി അനിൽകുമാറും അറിയിച്ചു.
12.47നാണ് രാഹുൽനെതിരെ കെപിസിസിക്ക് പരാതി ലഭിച്ചതെന്നും അപ്പോൾ തന്നെ പരാതി ഡിജിപിക്ക് കൈമാറിയെന്നും അനിൽകുമാർ പ്രതികരിച്ചു. നിയമം നിയമപരമായി നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കൊള്ളയിൽ സിപിഎം നേതാക്കൾ ജയിലിൽ കിടക്കുകയാണ്. ചോദ്യങ്ങൾ ചോദിക്കേണ്ടത് സിപിഎമ്മിനോടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേരില്ലാത്ത പരാതിയാണെങ്കിൽ പോലും അതിന്റെ ഗൗരവം പരിഗണിച്ച് ഡിജിപിക്ക് അയച്ചുകൊടുത്തെന്ന് കെ. മുരളീധരൻ പറഞ്ഞു. പൊലീസുമായി പാർട്ടി സഹകരിക്കും. ആരോപണവിധേയനായ വ്യക്തിയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും അതിനാൽ സംഘടനാപരമായി ഇനി നടപടിയൊന്നും എടുക്കാനാവില്ലെന്നും പരാതി ഡിജിപിക്ക് നൽകിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് പരാതിക്കാരിയെ അറിയിച്ചു.
ഒരു തവണ പുറത്താക്കിയ ആൾക്കെതിരെ പിന്നെ പാർട്ടിക്ക് ഒന്നും ചെയ്യാനില്ല. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സമൂഹത്തിൽ ചീത്തപ്പേര് ഉണ്ടാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന് കൊടുക്കാനാവുന്ന ഞങ്ങൾ ശിക്ഷ നൽകിയതെന്നും കെ. മുരളീധരൻ പറഞ്ഞു.
സർക്കാരിന് അതിജീവിതയെ സംരക്ഷിക്കലല്ല, തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ വിഷയം സജീവമായി നീട്ടിക്കൊണ്ടുപോവുകയാണ് ലക്ഷ്യം. പാർട്ടിയുടെ ഉത്തരവാദിത്തം ഞങ്ങൾ നിർവഹിച്ചുകഴിഞ്ഞു. ഇനി ചെയ്യേണ്ടത് പൊലീസാണ്. എംഎൽഎ എവിടെയാണെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസാണ്. കണ്ടെത്താനാവുന്നില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസെന്നും കെ. മുരളീധരൻ ചോദിച്ചു.
മുറിയിൽ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് 23കാരിയുടെ പരാതി. കോൺഗ്രസ് നേതൃത്വത്തിനാണ് പെൺകുട്ടി പരാതി നൽകിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർക്കാണ് പെൺകുട്ടി പരാതി അയച്ചത്.
വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു. മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു. ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു. ഒരു മാസത്തിനുള്ളിൽ ഗർഭിണിയാകണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. ആദ്യ ആക്രമണത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനം പിൻവലിച്ചെന്നും ഒരു മാസത്തിന് ശേഷം വീണ്ടും മെസേജ് അയച്ചെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇൻസ്റ്റഗ്രാം വഴിയാണ് രാഹുൽ തന്നെ പരിചയപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. രാഹുൽ വിവാഹം വാഗ്ദാനം നൽകിയതിന് പിന്നാലെ പെൺകുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും അവർ സമ്മതിച്ചിരുന്നില്ല. പിന്നീട് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായതിന് പിന്നാലെ കുടുംബം ഈ ബന്ധത്തിന് സമ്മതിക്കുകയായിരുന്നു. ബന്ധുക്കളുമായി വീട്ടിലെത്താം എന്ന് പറഞ്ഞെങ്കിലും രാഹുൽ പിന്നീട് പിന്മാറിയെന്നും പരാതിയിൽ വിശദമാക്കുന്നു.
2023 ഡിസംബറിലാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു. നിലവിൽ രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതിക്ക് സമാനമായ പരാതിയാണ് ഇതിലും ഉന്നയിച്ചിരിക്കുന്നത്.