കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി: സി.ഐ.ടി.യു ഉള്‍പ്പെടെ ഇന്നു മുതല്‍ സമരത്തില്‍

ഐ.എന്‍.ടി.യു.സിയുടെ രാപ്പകൽ സമരവും ഇന്ന് ആരംഭിക്കും

Update: 2022-06-06 01:25 GMT

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സി.ഐ.ടി.യുവിന്‍റെ അനിശ്ചിതകാല സമരം ഇന്ന് മുതൽ. ചീഫ് ഓഫീസിന് മുന്നിൽ ഐ.എന്‍.ടി.യു.സിയുടെ രാപ്പകൽ സമരവും ഇന്ന് ആരംഭിക്കും. കെ.എസ്.ആർ.ടി.സി നവീകരണത്തിനായുള്ള ബദൽ രേഖ സി.ഐ.ടി.യു മുന്നോട്ടുവെക്കും.

ശമ്പള വിതരണം സമയബന്ധിതമായി നടത്താത്തത് തന്നെയാണ് തൊഴിലാളികളെ വീണ്ടും മാനേജ്മെന്‍റിനെതിരെ തിരിച്ചത്. ഈ മാസം 20ന് മുന്‍പ് ശമ്പളം നൽകാൻ നിർവാഹമില്ലെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് തൊഴിലാളി നേതാക്കളെ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യുവിന്റെ അനിശ്ചിതകാല സമരം. ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്ന സമരത്തില്‍ കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിനായുള്ള ബദൽ രേഖയും സി.ഐ.ടി.യു അവതരിപ്പിക്കും.

Advertising
Advertising

ചീഫ് ഓഫീസിന് മുന്നിലെ ഐ.എൻ.ടി.യു.സിയുടെ അനിശ്ചിതകാല രാപ്പകൽ സമരവും ഇന്ന് തന്നെയാണ് തുടങ്ങുന്നത്. സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ബി.എം.എസും ഇന്ന് ഡിപ്പോകൾ കേന്ദ്രീകരിച്ച് പ്രതിഷേധിക്കും. നാളെ മുതൽ മഹാകൺവെൻഷനുകൾ നടത്താനാണ് എ.ഐ.ടി.യു.സിയുടെ നീക്കം.

കഴിഞ്ഞ ആഴ്ച മെയ് മാസത്തെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് വിഷയം ചര്‍ച്ച ചെയ്യാന്‍ മാനേജ്മെന്‍റ് വിളിച്ച യോഗം മൂന്ന് അംഗീകൃത യൂണിയനുകളും ബഹിഷ്കരിച്ചിരുന്നു. ശമ്പളം നൽകാനായി 65 കോടിയുടെ സഹായമാണ് മാനേജ്മെന്‍റ് സർക്കാരിനോട് തേടിയത്. എന്നാല്‍ പ്രതിമാസ വരുമാനം 193 കോടി രൂപ ആയിട്ടും ശമ്പളം വൈകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News