'ശോഭയാർന്ന ചരിത്രമുള്ള എം.എസ്.എഫിനെ കൂടുതൽ പഠിക്കാൻ തയ്യാറാവണം'; പി.എം.എ സലാമിന്റെ പ്രസ്താവനയെ തള്ളി 'ചന്ദ്രിക'യിൽ ലേഖനം

കുറിക്കോളി മൊയ്തീൻ എം.എൽ.എ ആണ് അലിഗഡ് സർവകലാശാലയിലും കേരളത്തിലെ വിവിധ സർവകലാശാലകളിലും എം.എസ്.എഫ് നേടിയ വിജയം വിശദീകരിച്ച് ലേഖനമെഴുതിയത്.

Update: 2023-05-20 13:17 GMT
Advertising

കോഴിക്കോട്: യു.ഡി.എഫ് ഭരിക്കുമ്പോൾ ചില തരികിടകൾ കാട്ടി എം.എസ്.എഫ് യൂണിവേഴ്‌സിറ്റി ഭരണം പിടിക്കാറുണ്ടെന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രസ്താവന തള്ളി പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ കുറിക്കോളി മൊയ്തീൻ എം.എൽ.എയുടെ ലേഖനം. എം.എസ്.എഫും യൂണിവേഴ്‌സിറ്റി യൂണിയൻ ഭരണവും എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് സംഘനയുടെ രാഷ്ട്രീയ നേട്ടങ്ങൾ വിശദീകരിക്കുന്നത്.

നേരായമാർഗത്തിൽ വിദ്യാർഥികളെ ചേർത്തുനിർത്തി, അവരോട് നീതി പുലർത്തി, വിദ്യാർഥി വിദ്യാഭ്യാസ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തി വളർന്നുവന്ന സംഘടനയാണ് എം.എസ്.എഫ് എന്ന് ലേഖനത്തിൽ പറയുന്നു. വളഞ്ഞ മാർഗത്തിലോ ഭരണസ്വാധീനമോ ഗുണ്ടായിസമോ കാണിച്ചോ സ്‌കൂൾ, കോളജ്, സർവകലാശാല ഭരണം പിടിച്ചെടുക്കാൻ എം.എസ്.എഫ് ഒരിക്കലും ശ്രമിച്ചിട്ടില്ല. ലീഗ് ഭരണത്തിലുള്ളപ്പോഴും ഇടത് ഭരണകാലത്തും എം.എസ്.എഫ് യൂണിവേഴ്‌സിറ്റി ഭരിച്ചിട്ടുണ്ട്. യു.ഡി.എഫ് ഭരിക്കുമ്പോൾ തന്നെ പലതവണ ഇടത് വിദ്യാർഥി സംഘടനകളോട് ചേർന്ന് മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്നും ലേഖനത്തിൽ വിശദീകരിക്കുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിൽ എം.എസ്.എഫ് ഭരണത്തിൽ വന്നത് 11 തവണയാണ്. ഇടത് ഭരണകാലത്ത് മൂന്ന് തവണയും, യു.ഡി.എഫ് ഭരണകാലത്ത് എട്ട് തവണയും എം.എസ്.എഫ് യൂണിയൻ ഭരിച്ചു. യു.ഡി.എഫ് ഭരണകാലത്തെ എട്ട് തവണയിൽ മൂന്നുവട്ടം എസ്.എഫ്.ഐയോട് ചേർന്നാണ് എം.എസ്.എഫ് ഭരിച്ചത്. ആദ്യമായി എം.എസ്.എഫ് യൂണിയനിലേക്ക് മത്സരിക്കുന്നത് സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്. എം.എസ്.എഫ് ആദ്യമായി വിജയിക്കുന്നത് എസ്.എഫ്.ഐ-എം.എസ്.എഫ്-എ.ഐ.എസ്.എഫ് മുന്നണിയായ പ്രഥമ ഇടത് മുന്നണി സർക്കാരിന്റെ കാലത്താണ്. അന്ന് യൂണിയൻ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരായിരുന്നു.



ഇടത് ഭരണകാലത്ത് തന്നെ 1981-82 യൂണിയനിലും എം.എസ്.എഫ് കടന്നുകയറി. അന്ന് കെ.എസ്.യു-എം.എസ്.എഫ് മുന്നണിയായിരുന്നു. 1980-86 വരെ എം.എസ്.എഫ് യൂണിയൻ ഭരണത്തിലുണ്ടായിരുന്നു. 1982-87 വരെ യു.ഡി.എഫ് ഭരണമായിരുന്നെങ്കിലും 1983-86 യൂണിയൻ ഭരണം എസ്.എഫ്.ഐ-എം.എസ്.എഫ് മുന്നണിയായിട്ടായിരുന്നു. യൂണിയൻ ചെയർമാൻ സ്ഥാനം ആദ്യമായി ലഭിച്ചത് 1983-84 ലായിരുന്നു. അടുത്തവർഷവും അങ്ങനെ തുടർന്നു.

1990-91 വർഷത്തിൽ ഇടതുഭരണകലാത്ത് കെ.എസ്.യു-എം.എസ്.എഫ് മുന്നണിയിൽ ജനറൽ സെക്രട്ടറി സ്ഥാനം ലഭിച്ചു. 10 വർഷം കഴിഞ്ഞ് 2001-02 കാലത്താണ് പിന്നീട് അവസരം ലഭിച്ചത്. പിന്നീട് നീണ്ട 12 വർഷം കഴിഞ്ഞ് 2013-14 വർഷത്തിലാണ് യൂണിയനിൽ എം.എസ്.എഫ് പങ്കാളിത്തം വരുന്നത്. 2014-15, 2015-16 വർഷങ്ങളിലും യു.ഡി.എസ്.എഫ് യൂണിയനിൽ എം.എസ്.എഫിന് അവസരം ലഭിച്ചു.

കേരള യൂണിവേഴ്‌സിറ്റി യൂണിയനിലും എം.എസ്.എഫിന് രണ്ട് തവണ അവസരം ലഭിച്ചിട്ടുണ്ടെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. യൂ.ഡി.എഫ് ഭരിക്കുമ്പോഴും എസ്.എഫ്.ഐ യൂണിയനിലാണ് എം.എസ്.എഫിന് പ്രാതിനിധ്യം ലഭിച്ചത്. മലയാളം സർവകലാശാലയുടെ പ്രഥമ യൂണിയൻ ചെയർമാൻ എം.എസ്.എഫുകാരനായിരുന്നു. അലിഗഡ് യൂണിവേഴ്‌സിറ്റി യൂണിയനിലും എം.എസ്.എഫിന് അവസരം ലഭിച്ചിട്ടുണ്ടെന്നും ഈടുറ്റതും ശോഭയാർന്നതുമായ ചരിത്രമുള്ള എം.എസ്.എഫിനെ കൂടുതൽ പഠിക്കാൻ തയ്യാറാവുകയാണ് വേണ്ടതെന്നും ലേഖനത്തിൽ പറയുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News