'പിണറായിസവും സതീശന്റെ ഹിറ്റ്ലറിസവും'; അൻവർ സംഭാവന ചെയ്ത വാക്കുകളെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാക്കി ഇടതുമുന്നണി
'പിണറായിസത്തെ' മറ്റൊരുതരത്തിൽ വ്യാഖ്യാനിച്ച് തെരഞ്ഞെടുപ്പ് രംഗത്തിറക്കുകയാണ് ഇടത് നേതാക്കള്‍
മലപ്പുറം: കേരള രാഷ്ട്രീയത്തിന് പി.വി അൻവർ സംഭാവന ചെയ്ത രണ്ടു പുതിയ വാക്കുകളുണ്ട്. 'പിണറായിസവും' 'സതീശന്റെ ഹിറ്റ്ലറിസവും'. മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയാണെന്ന് ധ്വനിപ്പിക്കാൻ അൻവർ ഉപയോഗിച്ച വാചകമാണ് 'പിണറായിസം'. എങ്കിലും, അതിന് മറ്റൊരു വ്യാഖ്യാനം ചമച്ച് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാക്കി നിർത്തുകയാണ് ഇടതുമുന്നണി നേതാക്കൾ.
കേരള രാഷ്ട്രീയത്തിന് ഒരുപാട് പദപ്രയോഗങ്ങൾ സംഭാവന ചെയ്തിട്ടുള്ള ആളാണ് പിണറായി വിജയൻ. 'എടോ ഗോപാലകൃഷ്ണാ' ,'നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല','ബക്കറ്റിലെ വെള്ളം,വിരട്ടലും വിലപേശലും ഈ പാർട്ടിയോട് വേണ്ട', 'കടക്ക് പുറത്ത്' തുടങ്ങി നിരവധി വാക്കുകൾ.
'കുമ്മനടി' പോലെ സോഷ്യൽ ഏറ്റെടുത്ത വാചകങ്ങളും കുറേക്കാലം മലയാളികളുടെ നാവിൽ ഓടിയിട്ടുണ്ട്. എന്നാൽ കേരള രാഷ്ട്രീയത്തിലോടുന്ന പുതിയൊരു വാചകമാണ് 'പിണറായിസം'...ആ വാചകം വന്നത്, പേരാടുമെന്ന് പറഞ്ഞ് എല്‍ഡിഎഫ് വിട്ട അൻവറിൽ നിന്ന് തന്‍റെ യുഡിഎഫ് പ്രവേശനത്തിന് ചെക്ക് വച്ച സതീശനെക്കുറിച്ചും പുതിയൊരു 'സം' ഉണ്ടാക്കിയിരിക്കുകയാണ് അൻവർ.
എന്നാൽ നിലമ്പൂരിൽ ചർച്ചയിൽപ്പെടുന്ന പിണറായിസത്തെ മറ്റൊരുതരത്തിൽ വ്യാഖ്യാനിച്ച് തെരഞ്ഞെടുപ്പ് രംഗത്തിറക്കുകയാണ്ഇടതുമുന്നണി. എന്തായാലും പിണറായിസവും, സതീശനിസവും, അവസാനിപ്പിച്ച് ജൂൺ 23ന് അൻവറിസം നിലമ്പൂരിൽ പുലർത്താൻ പുത്തൻവീട്ടിൽ അൻവറിന് കഴിയുമോ എന്നാണ് രാഷ്ട്രീയ കേരളം നോക്കുന്നത്.