സംഘ്പരിവാറില്‍നിന്ന് പണം വാങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വ്യക്തിപരമായി ആക്രമിക്കുന്നു-ടി.എന്‍ പ്രതാപന്‍

''തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംഘ്പരിവാരവും അവരുടെ കൈയില്‍നിന്നു പണം കൈപ്പറ്റിയ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അവര്‍ വിലക്കെടുത്ത ചില ബ്ലോഗുകളും എന്നെ വ്യക്തിപരമായി ലക്ഷ്യമിടുകയാണ്.''

Update: 2024-01-29 14:57 GMT
Editor : Shaheer | By : Web Desk

ടി.എന്‍ പ്രതാപന്‍

Advertising

തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ സാമുദായിക ധ്രുവീകരണം ലക്ഷ്യംവച്ചുള്ള അപവാദപ്രചാരണങ്ങള്‍ നിയമപരമായി നേരിടുമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംഘ്പരിവാര്‍ തൃശൂരില്‍ 'നുണഫാക്ടറി' തുറന്നിരിക്കുകയാണ്. ബി.ജെ.പിയുടെ ദേശീയ ഐ.ടി സെല്ലിന്റെ നേതൃത്വത്തില്‍ അപകടകരമായ വ്യാജ വ്യവഹാര നിര്‍മ്മിതിയാണ് നടക്കുന്നത്. തനിക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. വ്യക്തിഹത്യയിലൂടെ തെരഞ്ഞെടുപ്പ് നേരിടാമെന്നാണ് അവര്‍ കരുതുന്നത്. ഇതിന് ബി.ജെ.പി കനത്ത വില കൊടുക്കേണ്ടിവരുമെന്നും പ്രതാപന്‍ പറഞ്ഞു.

ചെറുതും വലുതുമായ നുണകള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി ആയിരക്കണക്കിന് ബോട്ട് അക്കൗണ്ടുകള്‍, വിവിധ സമൂഹമാധ്യമങ്ങള്‍, ബ്ലോഗർമാർ എന്നിവ ബി.ജെ.പി–ആര്‍.എസ്.എസ് സംഘം തയാറാക്കിയിട്ടുണ്ട്. ഒരേ അച്ചിലിട്ട് വാര്‍ത്തതുപോലെയുള്ള കമന്റുകളും പോസ്റ്റുുകളും സമൂഹമാധ്യമങ്ങളില്‍ നിരന്തരമായി പരത്തുന്നത് സംഘ്പരിവാരം ആവിഷ്‌കരിക്കുന്ന വെറുപ്പിന്റെ കമ്പോളം തുറക്കുവാനാണെന്നും പ്രതാപന്‍ ചൂണ്ടിക്കാട്ടി.

''കഴിഞ്ഞ 50 വര്‍ഷത്തെ പൊതുജീവിതം തൃശൂരിലെ ജനങ്ങളുടെ മുന്നിലുണ്ട്. ആദ്യമായി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കാലം തൊട്ട് സംഘ്പരിവാർ ശക്തികൾ പറഞ്ഞുപരത്തിയ നുണകളാണ് അവരിപ്പോഴും തുടരുന്നത്. ഇവയെല്ലാം നിയമസഭ, പാർലമെന്‍റ് തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തള്ളിക്കളഞ്ഞതും ബി.ജെ.പിക്ക് കടുത്ത തിരിച്ചടി നൽകിയതുമാണ്. പാര്‍ലമെന്റിന് അകത്തും പുറത്തും വർഗീയതക്കെതിരെയുള്ള നിലപാടുകൾ സംഘ്പപരിവാരത്തെ വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ടെന്ന് മനസ്സിലാകുന്നുണ്ട്. അതാണ് എന്റെ രാഷ്ട്രീയം. അത് തുടരുക തന്നെ ചെയ്യും. ഇതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംഘ്പരിവാരവും അവരുടെ കൈയില്‍നിന്നു പണം കൈപ്പറ്റിയ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അവര്‍ വിലക്കെടുത്ത ചില ബ്ലോഗുകളും തന്നെ വ്യക്തിപരമായി ലക്ഷ്യമിടുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം അങ്ങേയറ്റം മാനിക്കുന്ന ഒരാളാണ് ഞാന്‍. ആരോഗ്യകരമായ വിമര്‍ശനങ്ങളും സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ കാതലെന്ന് ഉറച്ചുവിശ്വസിക്കുന്നു. പക്ഷെ, നമ്മുടെ കുടുംബങ്ങളെ അടക്കം നിഷ്ഠുരമായി കൊത്തിവലിക്കുന്ന അപവാദപ്രചാരണങ്ങള്‍, നുണകള്‍, വ്യാജവാര്‍ത്തകള്‍ എന്നിവ നിയമപരമായി നേരിടേണ്ടത് നമ്മുടെ ജനാധിപത്യ സമൂഹത്തിന്റെ ആവശ്യമാണ്.

തെരഞ്ഞെടുപ്പുകളും രാഷ്ട്രീയ പ്രവര്‍ത്തനവും അപവാദങ്ങളുടെമേല്‍ കെട്ടിയുണ്ടാക്കുന്ന വ്യവഹാരങ്ങളാല്‍ നടത്തിക്കൊണ്ടുപോകാമെന്ന് ആരെങ്കിലും നിനക്കുന്നത് സമൂഹത്തിനും നമ്മുടെ രാജ്യത്തിനും ഭൂഷണമല്ല. മതപരമായ ചിന്തകളും അറിവുകളും വ്യക്തിപരമായ കാര്യമാണ്. അതുപോലും എത്ര ഹീനമായാണ് അപവാദപ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ക്ഷേത്രാരാധകനായ ഹൈന്ദവ വിശ്വാസിയാണ് ഞാന്‍. ഇന്ത്യന്‍ ഭരണഘടനയാണ് എന്റെ ജീവാത്മാവ്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‍ലിമും മറ്റു മതക്കാരും മതമില്ലാത്തവരും തുല്യ നീതിയും സ്ഥാനവും അഭിമാനവും അര്‍ഹിക്കുന്ന പൗരന്മാരാണ് എന്നതാണ് എന്റെ സാമൂഹിക രാഷ്ട്രീയ വീക്ഷണം.''

വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും കുടുംബം പോലെ സ്വകാര്യമായ ഇടങ്ങളെയും അപഹസിക്കുന്ന സംഘ്പരിവാര്‍ സംഘത്തെ നിയമപരമായും രാഷ്ട്രീയമായും സാമൂഹ്യപരമായും നേരിടും. ഇതിന് മതനിരപേക്ഷസമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്ന് ഉറച്ച വിശ്വാസമുണ്ട്. നടക്കാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ലോക്സഭാ തെരഞ്ഞടുപ്പാണ്. ഗാന്ധിജിയുടെ അനുയായികളും ഗോഡ്സെയുടെ അനുയായികളും തമ്മിലാണ് ഈ പോരാട്ടം. ഇവിടെ ഗാന്ധിജി ജയിക്കും. ഗാന്ധിജിയുടെ അനുയായികള്‍ വെറുപ്പിന്റെ ഉപാസകരെ തോല്‍പ്പിക്കും. വെറുപ്പിന്റെ കമ്പോളമല്ല, സ്‌നേഹത്തിന്റെ അനേകം കടകള്‍ ഞങ്ങള്‍ ഇവിടെ ഇനിയും തുറക്കുമെന്നും പ്രതാപൻ എം.പി കൂട്ടിച്ചേര്‍ത്തു.

Summary: Legal action will be taken against defamatory campaigns of Sangh Parivar through social media ahead of Lok Sabha election: TN Prathapan MP

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News