Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ള മുന്‍ സാമാജികര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് സഭ ഇന്ന് പിരിയും. നിയമ നിര്‍മാണത്തിനുവേണ്ടി 12 ദിവസം ചേരുന്ന സഭയില്‍ ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും കൊമ്പ് കോര്‍ക്കാന്‍ വിഷയങ്ങള്‍ നിരവധിയാണ്.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വരുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത ഉണ്ടായിട്ടില്ല. രാഹുലിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഭരണപക്ഷ തീരുമാനം. പ്രതിപക്ഷം എങ്ങനെ അതിനെ പ്രതിരോധിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന നിയമസഭാ സമ്മേളനം. നിയമനിര്‍മ്മാണത്തിന് വേണ്ടിയാണ് സഭ ചേരുന്നതെങ്കിലും ഭരണ- പ്രതിപക്ഷ കൊമ്പുകോര്‍ക്കല്‍ ആയിരിക്കും കാണാന്‍ പോകുന്നത്. നാലു ബില്ലുകള്‍ ആണ് നിലവില്‍ പരിഗണിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.12 ദിവസം സഭചേരും.
സാധാരണ പ്രതിപക്ഷമാണ് സര്‍ക്കാരിനെ നേരിടാനുള്ള വിഷയങ്ങളുമായി സഭയില്‍ എത്തുക. പക്ഷേ ഇത്തവണ ഭരണപക്ഷത്തിന്റെ കയ്യിലും ഒരായുധമുണ്ട്. പാലക്കാട് എംഎല്‍എ രാഹുല്‍കൂട്ടത്തില്‍. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു, പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
എന്നാല്‍ പുറത്തുവന്ന ശബ്ദരേഖയില്‍ രാഹുല്‍ വ്യക്തത വരുത്തിയിട്ടില്ല എന്ന വാദമുയര്‍ത്താനാണ് ഭരണപക്ഷം ശ്രമിക്കുക..ഇന്ന് സഭയില്‍ തര്‍ക്കങ്ങള്‍ക്ക് സമയമുണ്ടാകില്ല. വിഎസ് അച്യുതാനന്ദനും, വാഴൂര്‍ സോമനും, പി പി തങ്കച്ചനും, ചരമോപചാരമര്‍പ്പിച്ച് സഭ ഇന്ന് പിരിയും.പക്ഷേ അതായിരിക്കില്ല നാളത്തെ അവസ്ഥ.പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം.ഇതുവരെ മൗനം തുടര്‍ന്ന മുഖ്യമന്ത്രി സഭയില്‍ മറുപടി പറഞ്ഞേക്കും.
അയ്യപ്പ സംഗമവും, തൃശ്ശൂരിലെ ശബ്ദരേഖ വിവാദവും എല്ലാം സഭയില്‍ വരും.തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയപോരിന്റെ വേദിയായി നിയമസഭാ സമ്മേളനം മാറും എന്ന കാര്യത്തില്‍ സംശയമില്ല.