സഭാനാഥനായി തിളങ്ങി, ഇനി മന്ത്രിക്കുപ്പായത്തില്‍; തൃത്താലക്കോട്ട തകര്‍ത്ത് തൊട്ടതെല്ലാം പൊന്നാക്കി രാജേഷ്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഗ്ലാമര്‍ പോരാട്ടത്തില്‍ അട്ടിമറി വിജയത്തിലൂടെയാണ് തൃത്താലയില്‍ നിന്ന് എം.ബി രാജേഷ് സഭയിലെത്തുന്നത്.

Update: 2022-09-02 14:44 GMT
Advertising

തിരുവനന്തപുരം: സ്പീക്കര്‍ പദവിയില്‍ നിന്നും എം.ബി രാജേഷ് സംസ്ഥാന ക്യാബിനറ്റിലേക്ക്. മന്ത്രിസഭാ പുനഃസംഘടനയിലാണ് എം.ബി രാജേഷിന് സംസ്ഥാന എക്സൈസ്-തദ്ദേശ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി സ്ഥാനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഗ്ലാമര്‍ പോരാട്ടത്തില്‍ അട്ടിമറി വിജയത്തിലൂടെയാണ് തൃത്താലയില്‍ നിന്ന് എം.ബി രാജേഷ് സഭയിലെത്തുന്നത്. 

സി.പി.എമ്മിന്‍റെ അഭിമാനപ്പോരാട്ടത്തില്‍ വിജയിച്ച് നിയമസഭയിലെത്തിയ രാജേഷ് ക്യാബിനറ്റിലുണ്ടാകുമെന്ന് ഏവരും പ്രതീക്ഷ വെച്ചിരുന്നെങ്കിലും സ്പീക്കര്‍ ആക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. അങ്ങനെ കേരള നിയമസഭയുടെ 21-ാം സ്പീക്കറായി എം.ബി രാജേഷ് ചുമതലയേറ്റു. ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ എം.വി.ഗോവിന്ദനെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെയാണ് മന്ത്രിസഭാ പുനഃസംഘടനക്ക് വഴിയൊരുങ്ങിയത്. എ.എന്‍ ഷംസീറിനെ സ്പീക്കറാക്കുകയും എം.ബി രാജേഷിനെ ക്യാബിനറ്റിലുള്‍പ്പെടുത്തുകയും ചെയ്യാന്‍ സി.പി.എം തീരുമാനത്തിലെത്തുകയായിരുന്നു. എം.വി.ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശം, എക്സൈസ് വകുപ്പുകളുടെ ചുമതല തന്നെയാണ് എം.ബി രാജേഷിന് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുതരംഗം ആഞ്ഞടിച്ചപ്പോള്‍ കടുത്ത മത്സരം പ്രതീക്ഷിച്ച മണ്ഡലമായിരുന്നു തൃത്താല. കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം രണ്ട് ടേം ആയി തുടര്‍ച്ചയായി വിജയിച്ച മണ്ഡലം. അവിടെയാണ് ഹാട്രിക്​ വിജയം ലക്ഷ്യമിട്ട്​​ കളത്തിലിറങ്ങിയ ബല്‍റാമിനെ മലര്‍ത്തിയടിച്ച് രാജേഷ് ഇടതുപക്ഷത്തിന്‍റെ തുറുപ്പുചീട്ടായത്

തൃത്താല തിരിച്ചുപിടിക്കാൻ രാജേഷിനെ തന്നെ കളത്തിലിറക്കിയുള്ള സി.പി.എം പരീക്ഷണം വിജയം കാണുകയായിരുന്നു. ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്​ തൃത്താലയിൽ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ അജയ്യനായി മുന്നേറിയ ബൽറാം, എം.ബി. രാജേഷിന് മുൻപിൽ അടിയറവ്​ പറഞ്ഞത്​. എണ്ണയിട്ട യന്ത്രംപോ​ല കർമനിരതരായ ഇടത്​ മെഷിനറിക്ക്​ മുൻപിൽ ബൽറാമിനും കൂട്ടർക്കും തോൽവി വഴങ്ങേണ്ടിവന്നു.

എം.ബി. ​രാജേഷ്​ തൃത്താലയില്‍ നേടിയ മിന്നും വിജയം അദ്ദേഹത്തി​ൻെറ വ്യക്​തിപ്രഭാവത്തി​ൻെറ തെളിവായിട്ടു കൂടിയാണ് അന്ന് വിലയിരുത്തപ്പെട്ടത്. പാർലമെൻറിൽ മികച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്ന മുൻ എം.പി എന്ന നിലയിൽ യുവവോട്ടർമാർക്കിടയിൽ ലഭിച്ച സ്വീകാര്യതയും രാജേഷിന്​ അന്ന് അനുകൂല ഘടകമായി. തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ്​ ഭാര്യക്ക്​ കാലടി സർവകലാശാലയിൽ നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദവും മറികടന്നാണ് രാജേഷ് കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്.

2009-ലെ ലോക്സഭാ കന്നിയങ്കത്തില്‍ 1820 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം പാലക്കാട് മണ്ഡലത്തിൽ നിന്നും ലോക്സഭയിലെത്തുന്നത്. പിന്നീട് ഒരു തവണ കൂടി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.ബി രാജേഷിന് പക്ഷേ 2019ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അടിപതറി. വി.കെ. ശ്രീകണ്ഠനോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു. അതുപക്ഷേ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവും ശബരിമല വിവാദവും ഇടതുപക്ഷത്തിനെതിരെ വീശിയടിച്ച ജനവികാരത്തി​ൻറ പ്രതിഫലനമായിട്ടാണ്​ വിലയിരുത്തപ്പെട്ടത്​. 

റിട്ട. ഹവിൽദാർ ബാലകൃഷ്ണൻനായരുടെയും എം കെ രമണിയുടെയും മകനായി പഞ്ചാബിലെ ജലന്തറിലാണ് എം.ബി രാജേഷിന്‍റെ ജനനം. പാർട്ടി ഗ്രാമമായ ചളവറയിലെ ഹൈസ്കൂൾ പഠന കാലത്താണ് രാജേഷ് ഇടതുപക്ഷ ആശയധാരയിലേക്ക് ആകൃഷ്ടനാകുന്നുത്. എസ്.എഫ്.ഐ നേതാവായി ആയിരുന്നു തുടക്കം. ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നിയമബിരുദവുമുണ്ട് രാജേഷിന്‌. നിയമവിദ്യാർത്ഥിയായിരിക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്തിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

എസ്.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായും പിന്നീട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പദവിയിലേക്കും അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറിയായും രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ്, അഖിലേന്ത്യാ പ്രസിഡന്‍റ് പദവികളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ഡി.വൈ.എഫ്.ഐ.യുടെ മുഖപത്രമായ "യുവധാര' യുടെ മുഖ്യപത്രാധിപരായും രാജേഷ് ചുമതല വഹിച്ചിട്ടുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

Byline - ഷെഫി ഷാജഹാന്‍

contributor

Similar News