കഞ്ചിക്കോട് ബ്രൂവറി വിവാദം: പ്രതിപക്ഷ ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് എം.ബി രാജേഷ്

‘പ്രതിപക്ഷത്തിന്റെ വിമർശനം വിഷയ ദാരിദ്ര്യത്തിന്റെ ഭാഗം’

Update: 2025-01-17 16:07 GMT

തിരുവനന്തപുരം: കഞ്ചിക്കോട് ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണം മാത്രമാണെന്ന് മന്ത്രി എം.ബി രാജേഷ്. നിക്ഷേപത്തിനുള്ള പ്രപ്പോസൽ വന്നത് അനുസരിച്ചാണ് അനുമതി നൽകിയത്. കോൺഗ്രസിനകത്ത് മേൽകൈ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ആരോപണങ്ങളെന്നും മന്ത്രി പറഞ്ഞു.

രണ്ടുപേർ ഉന്നയിക്കുന്ന ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ല. സർക്കാരിന് മുന്നിൽ നിക്ഷേപവുമായി ബന്ധപ്പെട്ട പ്ര​പ്പോസൽ സമർപ്പിക്കുകയായിരുന്നു. ഇതിൽ നിയമാനുസൃത നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. നിലവിലെ ചട്ടപ്രകാരമാണ് അനുമതി നൽകിയത്.

Advertising
Advertising

എന്തുകൊണ്ട് ടെൻഡർ വിളിച്ചില്ലെന്നാണ് രമേശ് ചെന്നിത്തല ചോദിക്കുന്നത്. ഇവിടെ നിക്ഷേപത്തിനുള്ള പ്രപ്പോസൽ സമർപ്പിച്ചിരിക്കുകയാണ്. അതിനാൽ തന്നെ ടെണ്ടർ വിളിക്കേണ്ട ആവശ്യമില്ലെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

നടക്കുന്നത് പുകമറ ഉണ്ടാക്കാനുള്ള ശ്രമമാണ്. പുതിയ മദ്യനയത്തെ വിമർശിക്കുന്നവർ അത് വായിച്ചു നോക്കണം. കേരളത്തിൽ മദ്യ ഉൽപ്പാദനം നടത്തുമെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ വിമർശനം വിഷയ ദാരിദ്ര്യത്തിന്റെ ഭാഗമാണ്. നാട്ടിലെ എല്ലാ നിയമവും അനുസരിച്ചാണ് അനുമതി നൽകിയത്. നിയമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ല. വിഷയത്തിൽ ഇനി നിയമസഭയിൽ കാണാമെന്നും മന്ത്രി എം.ബി രാജേഷ് കൂട്ടിച്ചേർത്തു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News