നടന്‍ ഷൈന്‍ ടോം പ്രതിയായ ലഹരിക്കേസ്: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

ഷൈനിനോട് മറ്റൊരു ദിവസം ഹാജരായാല്‍ മതിയെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

Update: 2025-04-21 02:24 GMT

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസ് അന്വേഷിക്കുന്ന സംഘം എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. ഷൈന്‍ ടോം നല്‍കിയ മൊഴി കമ്മീഷണറുടെ സാന്നിധ്യത്തില്‍ വിശദമായി പരിശോധിക്കും.

ഇന്ന് ഹാജരാകേണ്ടിയിരുന്ന ഷൈനിനോട് പൊലീസ് അറിയിക്കുന്ന മുറയ്ക്ക് മറ്റൊരു ദിവസം ഹാജരായാല്‍ മതിയെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ഷൈനിന്‍റെ ഫോണ്‍ കോള്‍ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം ചോദ്യം ചെയ്താല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. ചോദ്യം ചെയ്യലിനുള്ള പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചു.

Advertising
Advertising

ബുധനാഴ്ച രാത്രി സ്വകാര്യ ഹോട്ടലില്‍ നർക്കോട്ടിക് സംഘം നടത്തിയ പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടിയതാണ് കേസിന് ആധാരമായ സംഭവം. കേസിൽ, കുറച്ചുകൂടി കരുതലോടെ മുന്നോട്ടുപോകണം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരക്കുപിടിച്ച് രണ്ടാഘട്ട ചോദ്യം ചെയ്യലിലേക്ക് കടക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെയും ഇടപാടുകളുടേയും തെളിവടക്കം ശേഖരിച്ച ശേഷമായിരുന്നു കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ഷൈനിനെ പൊലീസ് വിളിച്ചുവരുത്തിയത്. മറുപടിയിൽ വൈരുധ്യമുണ്ടാവുമ്പോഴും പൊലീസ് വാദങ്ങൾ നിഷേധിക്കുമ്പോഴും കൈയിലുള്ള തെളിവുകൾ നിരത്തി അന്വേഷണ സംഘം ഷൈനിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇതോടെയാണ്, താൻ ലഹരി ഉപയോഗിക്കാറുണ്ടെന്നും കഞ്ചാവും മെത്താഫെറ്റമിനുമാണ് പതിവെന്നും ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമയുമായും ലഹരി വിൽപ്പനക്കാരനായ സജീറുമായും ബന്ധമുണ്ടെന്നും ഷൈൻ സമ്മതിച്ചത്. താൻ 12 ദിവസം കോട്ടയം കൂത്താട്ടുകുളത്തെ ലഹരി വിമുക്തി കേന്ദ്രത്തിൽ കഴിഞ്ഞിട്ടുണ്ടെന്നും പിന്നീട് അവിടെനിന്ന് ചാടിപ്പോവുകയായിരുന്നെന്നും ഷൈൻ പൊലീസിന് മൊഴി നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് പൊലീസ് ഷൈനിനെതിരെ എൻഡിപിഎസ് ആക്ടിലെ മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, ബിഎൻസിലെ തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. തുടർന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് വൈദ്യപരിശോധനയും ലഹരിപരിശോധനയും നടത്തിയ ശേഷം സ്റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിടുകയായിരുന്നു.


Full View

 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News