നിയമസഭ പാസാക്കിയ നിയമം മുഖ്യമന്ത്രിക്ക് എങ്ങനെ പിൻവലിക്കാനാവുമെന്ന് എം.കെ മുനീർ

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട നിയമം നിയമസഭ പാസാക്കിയതാണ്. ഓർഡിനൻസ് സഭയിൽ വന്നപ്പോൾ തന്നെ ഞങ്ങൾ അതിനെ എതിർത്തതാണ്. അതൊന്നും പരിഗണിക്കാതെ ബില്ല് പാസാക്കി ഗവർണർക്ക് അയച്ച ശേഷം പുറത്തിറങ്ങി അത് നടപ്പാക്കില്ലെന്ന് പറയുന്നതിൽ എന്ത് വിശ്വാസ്യതയാണുള്ളതെന്ന് മുനീർ ചോദിച്ചു.

Update: 2021-12-07 07:46 GMT
Advertising

നിയമസഭ പാസാക്കിയ ഒരു നിയമം മുഖ്യമന്ത്രി എങ്ങനെ പിൻവലിക്കുമെന്ന് മുസ് ലിം ലീഗ് ഉന്നതാധികാരസമിതി അംഗം എം.കെ മുനീർ. സിഎഎ കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ് എന്നിട്ട് ഇതുവരെ പിൻവലിച്ചിട്ടില്ല. നിയമസഭയിൽ പറഞ്ഞ ഉറപ്പുകൾ പാലിക്കാത്ത മുഖ്യമന്ത്രി പുറത്തു നൽകുന്ന ഉറപ്പുകൾ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു.

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട നിയമം നിയമസഭ പാസാക്കിയതാണ്. ഓർഡിനൻസ് സഭയിൽ വന്നപ്പോൾ തന്നെ ഞങ്ങൾ അതിനെ എതിർത്തതാണ്. അതൊന്നും പരിഗണിക്കാതെ ബില്ല് പാസാക്കി ഗവർണർക്ക് അയച്ച ശേഷം പുറത്തിറങ്ങി അത് നടപ്പാക്കില്ലെന്ന് പറയുന്നതിൽ എന്ത് വിശ്വാസ്യതയാണുള്ളതെന്ന് മുനീർ ചോദിച്ചു. അങ്ങനെയാണെങ്കിൽ നിയമസഭ പിരിച്ചുവിട്ട് പുറത്തുനിന്ന് കാര്യങ്ങൾ തീരുമാനിച്ചാൽ പോരേ എന്നും അദ്ദേഹം ചോദിച്ചു.

വഖഫ് ബോർഡ് വിഷയത്തിൽ ലീഗ് ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രി നൽകിയ ഒരു ഉറപ്പും ഞങ്ങൾ വിശ്വാസത്തിലെടുക്കുന്നില്ല. ലീഗ് സ്വന്തമായി പ്രക്ഷോഭം തുടരും. മതസംഘടനകൾക്ക് സ്വതന്ത്രമായി നിലപാട് സ്വീകരിക്കാൻ അവകാശമുണ്ട്. അതിൽ ലീഗ് ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം ലീഗ് എന്നും സമുദായ ഐക്യത്തിന് വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ്. ആദ്യം വിവിധ സമുദായങ്ങൾക്കിടയിലും ഇപ്പോൾ സമുദായത്തിനകത്തും ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് ജനങ്ങൾക്കറിയാം. അറബ് ഭാഷക്ക് വേണ്ടി മൂന്ന് സഹോദരൻമാർ രക്തസാക്ഷികളായ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. അന്ന് തീരുമാനം പിൻവലിപ്പിക്കാൻ ലീഗിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ തീരുമാനവും പിൻവലിപ്പിക്കുമെന്നും മുനീർ പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News