"റെസ്പെക്ട്"; മമ്മൂട്ടിക്ക് പിറകെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മോഹന്‍ലാലും

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മോഹന്‍‌ലാല്‍ നടിക്ക് പിന്തുണയറിയിച്ചത്

Update: 2022-01-10 18:06 GMT

മമ്മൂട്ടിക്ക് പിറകെ  ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയറിയിച്ച് മോഹൻലാലും. നടിക്ക് പിന്തുണയറിയിച്ച് മമ്മൂട്ടി സ്‌റ്റോറി ഇട്ട് നിമിഷങ്ങൾക്കുള്ളിൽ മോഹൽലാലും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടിക്ക് പിന്തുണയറിയിച്ച് രംഗത്ത് വന്നു. അഞ്ച് വർഷം നീണ്ട തന്റെ പോരാട്ടത്തെ പിന്തുണച്ചവർക്ക് നന്ദിയറിയിച്ച് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് റെസ്‌പെക്ട് എന്ന തലവാചകത്തിന് താഴെയാണ് മോഹൻലാൽ പങ്കുവച്ചത്.


നടിയുടെ കുറിപ്പ് വന്നതിനു പിന്നാലെ മലയാള സിനിമയിലെ മുൻനിര യുവ നടന്മാരും നടിമാരും ഐക്യദാർഢ്യമറിയിച്ച് രംഗത്തെത്തിയിരുന്നെങ്കിലും മുതിർന്ന നടന്മാരാരും പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെ സോഷ്യൽമീഡിയയിൽ ശബ്ദമുയർന്ന് തുടങ്ങിയിരുന്നു. ഇതോടെയാണ് മലയാളത്തിന്റെ മഹാനടന്മാര്‍  നടിക്ക് പിന്തുണയുമായി രംഗത്ത് വന്നത്. ആക്രമണക്കേസിൽ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിൽ ഇരുവരുടേയും ഐക്യദാർഢ്യത്തിന് ഏറെ പ്രാധാന്യമുണ്ട്. 

Advertising
Advertising

നേരത്തെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, പാർവതി തിരുവോത്ത്, സുപ്രിയ മേനോൻ, അഞ്ജലി മേനോൻ, ടൊവീനോ തോമസ്, മിയ, ഗീതു മോഹൻദാസ് തുടങ്ങി യുവതാരങ്ങളായ വലിയ നിര തന്നെ സമൂഹമാധ്യമങ്ങളിൽ നടിയുടെ കുറിപ്പ് പങ്കുവച്ച് പിന്തുണ അറിയിച്ചിരുന്നു. രമ്യ നമ്പീശൻ, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, മഡോണ, പൂർണിമ, സംയുക്ത മേനോൻ, സയനോര, ദിവ്യപ്രഭ, അർച്ചന പദ്മിനി, ആര്യ തുടങ്ങിയവരെല്ലാം നടിയുടെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയും പിന്തുണ അറിയിച്ചു.

ഇരയാക്കപ്പെട്ടതിൽനിന്ന് അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് നടി കുറിച്ചു. ''അഞ്ചുവർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്കു വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്കു വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.''-സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ നടി സൂചിപ്പിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News