ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ രാജ്യത്തിന് ബാധ്യതയാകുമെന്ന പ്രഖ്യാപനം കോർപ്പറേറ്റ് സാമ്പത്തിക നയങ്ങൾക്കുള്ള ആഹ്വാനം: എം.വി ഗോവിന്ദൻ

തെറ്റായ സാമ്പത്തിക നയങ്ങൾ മൂലം ഉണ്ടാവുന്ന അസമത്വം ജനങ്ങൾ അറിയാതിരിക്കാൻ കണക്കുകൾ യഥാസമയം പ്രസിദ്ധീകരിക്കാൻ പോലും കേന്ദ്രം തയ്യാറാകുന്നില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

Update: 2023-09-04 07:08 GMT

തിരുവനന്തപുരം: ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ രാജ്യത്തിന് ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോർപ്പറേറ്റ് സാമ്പത്തിക നയങ്ങൾക്കുള്ള ആഹ്വാനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാജ്യം എന്നത് ആ നാട്ടിലെ ജനങ്ങളാണെന്ന ബോധ്യമാണ് ഏത് ഭരണാധികാരിയേയും നയിക്കേണ്ടത്. ജനക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുകയെന്നതാണ് ഒരു സർക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്വം. സാമൂഹ്യവും - സാമ്പത്തികവുമായി അടിച്ചമർത്തപ്പെട്ട വിഭാഗത്തിന് പ്രത്യേക പരിഗണന നൽകുകയെന്നതും ഏറ്റവും പ്രധാനമാണ്. സമത്വമെന്ന ആശയമാവണം ഏത് ഭരണാധികാരിയേയും നയിക്കേണ്ടത്. അതിൽ നിന്നുള്ള പരസ്യമായ പിന്മാറ്റമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

അംബാനിക്കും, അദാനിക്കും വേണ്ടി നടപ്പിലാക്കുന്ന നയങ്ങൾ രാജ്യത്ത് വൻതോതിലുള്ള അസമത്വമാണ് സൃഷ്ടിക്കുന്നത്. ഈ അസമത്വം പോലും ജനങ്ങളറിയാതിരിക്കുന്നതിന് കണക്കുകൾ യഥാസമയം പ്രസിദ്ധീകരിക്കാതെ മുന്നോട്ടുപോകുകയാണ് കേന്ദ്ര സർക്കാർ. ഇത്തരം നയങ്ങൾക്കെതിരെ എല്ലാ മേഖലയിലും ശക്തമായ പ്രക്ഷോഭങ്ങൾ വളർന്നുവരികയാണ്. ഈ പ്രക്ഷോഭത്തെ ദുർബലപ്പെടുത്താനാണ് വർഗീയ സംഘർഷങ്ങൾ രാജ്യവ്യാപകമായി സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ വികസനമെന്നത് കോർപ്പറേറ്റ് വികസനമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയർത്തിക്കൊണ്ടുവരണമെന്നും ഗോവിന്ദൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News