നസി മോനെ...നീ പറത്തുന്ന വിമാനത്തില്‍ കയറണം; വല്ല്യുപ്പക്കും വല്ല്യുമ്മക്കും കൊച്ചുമകന്‍ നസീമൊരുക്കിയ ആകാശ സർപ്രൈസ്

അമ്പരപ്പിൽ നിൽക്കുകയായിരുന്ന ഇരുവരെയും അനൗൺസ്മെന്‍റ് കേട്ട സഹയാത്രികർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്

Update: 2023-11-11 04:50 GMT

ഏന്തു ഹാജിയും കുഞ്ഞായിശയും നസീമിനൊപ്പം

കോഴിക്കോട്: താനാളൂർ അരീക്കാട് വടക്കേതിൽ എന്തു ഹാജിയും ഭാര്യ കുഞ്ഞായിശയും കോഴിക്കോട് നിന്നും ഷാർജയിലേക്കുള്ള വിമാനം കയറുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല വിമാനത്തിന്‍റെ നിയന്ത്രണമേറ്റെടുത്ത് കോക്പിറ്റിലുണ്ടാവുക തങ്ങളുടെ തങ്ങളുടെ പ്രിയപ്പെട്ട കൊച്ചുമകൻ ആയിരിക്കുമെന്ന്. ഒരു സ്വപ്നം സഫലമായ ദിവസമായിരുന്നു യു. എ. ഇയിലെ ഷാർജയിൽ സി.പി. നാസർ - സമീറ ദമ്പതികളുടെ മകനായ അഹമ്മദ് നസീമിനും ഉമ്മ സമീറയുടെ മാതാപിതാക്കളായ എൺപത്തിയെട്ടുകാരൻ താനാളൂർ അരീക്കാട് വടക്കേതിൽ ഏന്തു ഹാജിക്കും എഴുപത്തെട്ടുകാരിയായ ഭാര്യ കുഞ്ഞായിശക്കും.

Advertising
Advertising

തങ്ങൾ നസി എന്നു വിളിക്കുന്ന മകളുടെ മകൻ അഹമ്മദ് നസീം പഠിക്കുന്നത് പൈലറ്റാകാനാണെന്നറിഞ്ഞതു മുതൽ മനസ്സിലുള്ള ആഗ്രഹം പലപ്പോഴായി കൊച്ചു മകനോട് ഇവർ തന്നെ പങ്ക് വെക്കാറുണ്ടായിരുന്നു. നസി മോനെ, നീ പൈലറ്റായിട്ട് നിന്‍റെ കൂടെ നീ പറത്തുന്ന വിമാനത്തിൽ കയറി ഒന്ന് ഗൾഫിലേക്ക് പോകണമെന്ന വല്ല്യുമ്മയുടെ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിച്ച കൊച്ചുമകൻ പൈലറ്റ് ലൈസൻസ് നേടി എയർ അറേബ്യയിൽ ജോലിക്ക് കയറിയതിന് ശേഷം ആദ്യത്തെ യാത്ര കോഴിക്കോട് നിന്നും ഷാർജയിലേക്കുള്ളത് ചോദിച്ചു വാങ്ങുകയായിരുന്നു. മനസ്സിൽ സൂക്ഷിച്ച ആഗ്രഹം അറിയിച്ചതോടെ എയർ അറേബ്യ ഉദ്യോഗസ്ഥരും പിന്തുണയുമായി കൂടെ നിന്നു. അതിനു ശേഷം ഉമ്മയെ പോലും അറിയിക്കാതെയായിരുന്നു വല്ല്യുപ്പക്കും വല്ല്യുമ്മക്കും ടിക്കറ്റും വിസയും ശരിയാക്കിയതും വിമാനത്തിൽ മുൻനിരയിൽ തന്നെ ഇരിപ്പിടവും വീൽ ചെയറടക്കമുള്ള സൗകര്യങ്ങളുമെല്ലാം ഒരുക്കിയത് വളരെ പെട്ടെന്നായിരുന്നു.

ഏറെ വിദേശ യാത്രകൾ ചെയ്തിട്ടുള്ള വല്ല്യുപ്പ ഏന്തു ഹാജിക്കും ഭാര്യ കുഞ്ഞായിശക്കും വിമാനയാത്ര ആദ്യത്തെ അനുഭവമല്ലെങ്കിലും ഈ പ്രായത്തിൽ ഒറ്റക്ക് പോകേണ്ടി വരുന്നതിലുള്ള വിഷമവുമായാണ് വിമാനത്തിൽ കയറിയത്. യാത്ര പുറപ്പെടുന്നതിന് മുമ്പായുള്ള അനൗൺസ്മെന്റ് ചെയ്യുന്നതോടൊപ്പം ഈ വിമാനത്തിൽ എന്റെ വല്ല്യുപ്പയും വല്ല്യുമ്മയുമുണ്ടെന്ന് പറഞ്ഞതോടെയാണ് ഇരുവരും തങ്ങളുടെ കൊച്ചുമകനാണ് പൈലറ്റെന്നറിയുന്നത്.

പ്രാർത്ഥന പോലെ പുലർന്ന ആകാശ യാത്രയുടെ അമ്പരപ്പിൽ നിൽക്കുകയായിരുന്ന ഇരുവരെയും അനൗൺസ്മെന്‍റ് കേട്ട സഹയാത്രികർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ഷാർജയിൽ സംഗീത അധ്യാപകനായ പിതാവ് ഒഴൂർ അയ്യായ ചോലക്കപ്പുളിക്കപ്പറമ്പിൽ നാസർ കുടുംബസമേതം ഷാർജയിലാണ് താമസം. നസീമിന്‍റെ വിദ്യാഭ്യാസം മുഴുവനായും ഷാർജയിലായിരുന്നു. ഷാർജയിൽ തന്നെ ആർക്കിടെക്റ്റായി ജോലി നോക്കുന്ന ഷാന നസ്റിനും വിദ്യാർഥിനിയായ ഷാദിയയും സഹോദരിമാരാണ്. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News