'47 വർഷമായി കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്ന് സിപിഎം അഹങ്കരിച്ച വാർഡ്'; കോഴിക്കോട്ട് മേയറുടെ വാർഡിൽ എൻഡിഎക്ക് വിജയം
നിലവിലെ ഡെപ്യൂട്ടി മേയരും എൽഡിഎഫിന്റെ മേയർ സ്ഥാനാർഥിയുമായ സി.പി മുസാഫർ അഹമ്മദ് തോറ്റു
കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ മേയര്‍ ബീനാഫിലിപ്പിന്റെ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാർഥി ടി.രനീഷാണ് അട്ടിമറി വിജയം. 1425 വോട്ട് ടി.രനീഷ് നേടിയപ്പോള്‍ 1257 വോട്ടാണ് സിപിഎമ്മിന്‍റെ അഡ്വ. അങ്കത്തിൽ അജയ് കുമാർ നേടിയത്.
47 വർഷമായി കുറ്റിച്ചൂലിനെ നിർത്തിയാലും ജയിപ്പിക്കുമെന്ന് സിപിഎം അഹങ്കരിച്ച വാർഡില്‍ നിന്ന് അട്ടിമറി വിജയം നേടിയെന്ന് ടി.രനീഷ് വിജയത്തിന് ശേഷം പ്രതികരിച്ചു. 'ബീന ഫിലിപ്പിന് പുറമെ എ.കെ പ്രമേജവുമടക്കം രണ്ട് മേയർമാരുണ്ടായ വാർഡായിരുന്നു ഇത്. എന്നിട്ടും ഒരു അക്ഷയകേന്ദ്രം പോലും ഇവിടെയില്ല. പബ്ലിക് ടോയ്‌ലെറ്റോ അങ്കണവാടി കെട്ടിടമോ ഇല്ല.ഞങ്ങൾ വികസനം മാത്രമാണ് ചർച്ച ചെയ്തത്.എനിക്ക് വേണ്ടി പ്രാർഥിച്ച,നേർച്ചകൾ നേർന്ന അമ്മമാർ,വയോജനങ്ങൾ, കുട്ടികൾ,യുവാക്കളോട് നന്ദിയുണ്ട്. അവർക്ക് വേണ്ടി വിജയം സമർപ്പിക്കും. വരും നാളുകളിൽ വികസനം നടത്തും'. ടി.രനീഷ് പറഞ്ഞു.
അതിനിടെ, നിലവിലെ ഡെപ്യൂട്ടി മേയരും എൽഡിഎഫിന്റെ മേയർ സ്ഥാനാർഥിയുമായ സി.പി മുസാഫർ അഹമ്മദ് തോറ്റു.മീഞ്ചന്ത വാര്‍ഡില്‍ യുഡിഎഫിന്‍റെ എസ്.കെ അബൂബക്കറാണ് വിജയിച്ചത്.
അതേസമയം, കോർപറേഷനിലെ യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായിരുന്ന പി.എം നിയാസ് പരാജയപ്പെട്ടു. പാറോപ്പടി 12 ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു നിയാസ്. നേരത്തെ സംവിധായകൻ വി.എം വിനുവിനെയാണ് യുഡിഎഫ് മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ വോട്ടർപട്ടികയിൽ പേരില്ലാത്തതിനെതുടർന്ന് സ്ഥാനാർഥിത്വം വിനുവിന് നഷ്ടമായി.പിന്നാലെയാണ് പി.എം നിയാസിനെ മേയർ സ്ഥാനാർഥിയായി യുഡിഎഫ് പ്രഖ്യാപിച്ചത്.