Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർഥി ചർച്ചകളിലേക്ക് കടന്ന് സിപിഎം. ചൊവ്വാഴ്ച നിർണായക യോഗം ചേരും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
എൽഡിഎഫിനും യുഡിഎഫിനും ജീവൻ മരണ പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്. നിലമ്പൂർ നിലനിർത്തിയാൽ മൂന്നാം തുടര്‍ ഭരണം എന്ന മുദ്രാവാക്യം വീണ്ടും ആവേശത്തിൽ മുഴക്കാൻ സിപിഎമ്മിന് കഴിയും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താൽ അതിൽ കവിഞ്ഞ ആത്മവിശ്വാസം യുഡിഎഫിന് കിട്ടാനില്ല.
ജൂൺ 19നാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 23നാണ് വോട്ടെണ്ണൽ. നിലമ്പൂർ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഔദ്യോഗിക വിജ്ഞാപനം മേയ് 26ന് നടത്തും. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ദിവസം ജൂൺ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂൺ മൂന്നിന് നടക്കും. നോമിനേഷൻ പിൻവലിക്കേണ്ട അവസാനദിനം ജൂൺ അഞ്ചാണ്.
പി.വി അൻവർ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. തെരഞ്ഞെടുപ്പ് മനപൂർവ്വം വൈകിപ്പിക്കുന്നുവെന്നടക്കമുള്ള ആരോപണങ്ങളുമായി പി.വി അൻവർ രംഗത്ത് വന്നിരുന്നു. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.