നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ എസ്‍ഡിപിഐ മത്സരിക്കും ; അഡ്വ. സാദിഖ് നടുത്തൊടി സ്ഥാനാർഥി
ഒരു മുന്നണിയോടും പ്രത്യേക താൽപര്യമില്ലെന്ന് നേതാക്കള്‍
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എസ്‍ഡിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ. സാദിഖ് നടുത്തൊടിയാണ് സ്ഥാനാർഥി. ഒരു മുന്നണിയോടും പ്രത്യേക താൽപര്യമില്ലെന്നും ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികളുടെയും പ്രവർത്തനങ്ങളെ വിലയിരുത്തപ്പെടുമെന്നും നേതാക്കൾ പറഞ്ഞു.
മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും ചിലര്‍ മണ്ഡലത്തെ കുത്തകയാക്കി വെച്ചിട്ടും നിലമ്പൂരിലെ ജനതയ്ക്ക് വികസനം ഇന്നും കിട്ടാക്കനിയാണെന്ന് എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്ന് മുന്നണികളുടെയും വികസന വായ്ത്താരികള്‍ പൊള്ളയാണെന്ന് തിരിച്ചറിയാനുള്ള വിവേകം വോട്ടര്‍മാര്‍ക്കുണ്ട്. പി വി അന്‍വറിനെ തെരഞ്ഞെടുത്തെങ്കിലും ഭരണപങ്കാളിത്തം ഉണ്ടായിട്ടു പോലും ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ടി ഇഖ്‌റാമുല്‍ ഹഖ്, ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി എന്നിവരും പങ്കെടുത്തു.