'ആര് മത്സരിക്കും എന്ന് നോക്കിയല്ല എൽഡിഎഫ് നിലപാട് സ്വീകരിക്കുന്നത്'; എം.സ്വരാജ്
'നിലമ്പൂർ തെരഞ്ഞെടുപ്പ് തുടർഭരണത്തിനുള്ള നാന്ദിയായി മാറും'
തിരുവനന്തപുരം: ആര് മത്സരിക്കും എന്ന് നോക്കിയല്ല എൽഡിഎഫ് നിലപാട് സ്വീകരിക്കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്. 'നിലമ്പൂരിൽ മികച്ച ആത്മവിശ്വാസമാണുള്ളത്.കക്ഷി രാഷ്ട്രീയത്തിനപ്പുറത്തുള്ള അഭിപ്രായം കേരളത്തിൽ ഉയർന്നുവരുന്നുണ്ട്. കേരളം ഭരിക്കാൻ നല്ലത് ഇടതുപക്ഷമാണ് എന്നാണ് ജനങ്ങളുടെ വിലയിരുത്തല്‍.എൽഡിഎഫ് സർക്കാരിനോട് മമതയും പ്രതിബദ്ധതയുമാണ് ജനങ്ങൾക്കുള്ളത്' സ്വരാജ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'എല്ലാം തന്റെ നാടാണ്. ശനിയാഴ്ച നിലമ്പൂരിൽ എത്തും .നിലമ്പൂർ തെരഞ്ഞെടുപ്പ് തുടർഭരണത്തിനുള്ള നാന്ദിയായി മാറും. താന്‍ മത്സരിക്കണമെന്നത് പ്രതിപക്ഷം കൂടി ആഗ്രഹിക്കുന്നെങ്കിൽ അത് പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി ഉണ്ടെന്നതിന് തെളിവാണെന്നും സ്വരാജ് പറഞ്ഞു.
സസ്പെൻസുകൾക്കൊടുവിലാണ് എം.സ്വരാജിനെ എല്‍ഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി റസിഡന്‍റ് എഡിറ്ററുമാണ് എം.സ്വരാജ്. ഏറ്റവും ഉജ്ജ്വലമായ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.