Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: കെ.ടി ജലീലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. താന്‍ കച്ചവടം ചെയ്യുന്ന ജോലിയുള്ളയാളാണെന്നും എന്നാല്‍ നിയമവിരുദ്ധമായ ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. പി.കെ ഫിറോസ് ഹവാല പണമിടപാട് നടത്തുണ്ടെന്ന് കെ.ടി ജലീൽ പറഞ്ഞതിനെതിരെയാണ് പി.കെ ഫിറോസ് പരസ്യപ്രതികരണം നടത്തിയത്.
ജലീൽ ഉന്നയിച്ചത് ആരോപണമല്ല ചോദ്യങ്ങളാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ പോസ്റ്റിടുന്നതിനും പത്രസമ്മേളനം നടത്തുന്നതിന് പകരമായി ബന്ധപ്പെട്ടവർക്ക് തെളിവുകൾ കൈമാറുകയാണ് വേണ്ടതെന്നും തന്നെ നിയമത്തിന് മുമ്പിൽ എത്തിക്കുകയാണ് വേണ്ടതെന്നും ഫിറോസ് പറഞ്ഞു. താൻ ഉന്നയിച്ച കാര്യങ്ങൾ ഫിറോസ് നിഷേധിച്ചിട്ടില്ലെന്ന് ജലീൽ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് പി.കെ ഫിറോസ് ഹവാല പണമിടപാട് നടത്തുന്നുണ്ടെന്ന ആരോപണം കെ.ടി ജലീൽ ഉന്നയിച്ചത്. ഫിറോസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം മറയാക്കി വിദേശത്തേക്ക് പണം കയറ്റി അയക്കുന്നുണ്ടെന്നതടക്കമുള്ള ഗുരതര ആരോപണങ്ങളാണ് ജലീൽ ഉന്നയിച്ചത്. അതേസമയം ആരോപണം സിപിഎം ഏറ്റെടുക്കാതിരുന്നതിനെ തുടർന്ന് ജലീൽ ഒറ്റപ്പെട്ടുവെന്ന വാദം ഉന്നയിച്ചിരിക്കുകയാണ് ലീഗ്.