നാട്ടുകാർക്ക് അശ്ലീല ഊമ കത്തുകൾ അയച്ചു; ആലപ്പുഴയിൽ സ്ത്രീ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

കഴിഞ്ഞ ആറുമാസമായി പോസ്റ്റുമാൻ വീട്ടിൽ വരുന്നത് നൂറനാട് പടനിലം നിവാസികൾക്ക് പേടിയായിരുന്നു

Update: 2023-06-21 04:57 GMT
Editor : Lissy P | By : Web Desk

ആലപ്പുഴ: നാട്ടുകാർക്ക് അശ്ലീല ഊമ കത്തുകൾ തപാൽ വഴി അയച്ച മൂന്നുപേർ ആലപ്പുഴയിൽ പിടിയിൽ. നൂറനാട് പടനിലം നിവാസികൾ ആറുമാസമായി തിരഞ്ഞിരുന്ന പ്രതികളെയാണ് പൊലീസ് പിടികൂടിയത്.നൂറനാട് സ്വദേശി ശ്യാം, ജലജ, രാജേന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്.

മുൻവൈരാഗ്യമുള്ള ബന്ധുവിനെ കുടുക്കാൻ നൂറനാട് സ്വദേശി ശ്യാമാണ് നാട്ടുകാർക്ക് അശ്ലീല കത്തുകൾ എഴുതിയത്. കഴിഞ്ഞ ആറുമാസമായി പോസ്റ്റുമാൻ വീട്ടിൽ വരുന്നത് നൂറനാട് പടനിലം നിവാസികൾക്ക് പേടിയായിരുന്നു. കൊണ്ടുവരുന്നത് കത്താണെങ്കിൽ വാങ്ങാൻ പോലും മടിച്ചിരുന്നു. കാരണം കത്തിനുള്ളിൽ എഴുതിയിരിക്കുന്നത് വായിക്കാനറക്കുന്ന അശ്ലീലമായിരിക്കും.

Advertising
Advertising

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, മുൻ എംഎൽഎ കെ കെ ഷാജു, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് തുടങ്ങി പ്രമുഖർക്കടക്കം അശ്ലീല കത്തുകൾ കിട്ടി. അന്വേഷണം നടത്തിയ നൂറനാട് പൊലീസ് കഴിഞ്ഞ ദിവസമാണ് കത്തുകൾക്ക് പിന്നിലുള്ളവരെ കണ്ടെത്തിയത്.

പിടിയിലായി ശ്യാമിന്റെ ബന്ധുവും അയൽവാസിയുമായ മനോജിനെ കുടുക്കുകയായിരുന്നു അശ്ലീല കത്തുകളുടെ ലക്ഷ്യം. കത്തുകളിൽ ശ്യാമിന്റെ പേരും മനോജിനെതിരെ പരാതിയും ഉള്ളതിനാൽ ആദ്യഘട്ടത്തിൽ പൊലീസ് ഇയാളെ സംശയിച്ചില്ല. സംശയിക്കാതിരിക്കാൻ സ്വന്തം വീട്ടിലേക്കും ഇയാൾ അശ്ലീല കത്തുകൾ അയച്ചിരുന്നു. കൈയ്യക്ഷരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പരാതിക്കാരനിലേക്ക് തന്നെ അന്വേഷണമെത്തിയത് സിസിടിവി ദൃശ്യങ്ങളിലൂടെയാണ്.ശ്യാമും ജലജയും ചേർന്നാണ് ആദ്യമൂന്നുമാസം കത്തുകളെഴുതിയത്.

പൊലീസ് സംശയിക്കുന്നെന്ന് മനസിലായതോടെ രാജേന്ദ്രൻ കത്തുകളെഴുതി. ജലജയ്ക്ക് രാജേന്ദ്രനും ശ്യാമുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബന്ധുക്കളായ മനോജിനോടും ശ്രീകുമാറിനോടുമുള്ള വൈരാഗ്യമാണ് കത്തുകളെഴുതാൻ കാരണമെന്ന് ശ്യാം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News