ഓഫർ തട്ടിപ്പ്: തനിക്കിതിരെയുള്ള കേസിൽ പൊലീസിന് വീഴ്ച്ച പറ്റിയെന്ന് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ
'പരാതി ലഭിച്ചപ്പോൾ പ്രാഥമികാന്വേഷണം നടത്താതെ എഫ്ഐആറിട്ടു. കേസിന് പിന്നിൽ സർക്കാർ താൽപര്യമുണ്ടെന്ന് കരുതുന്നില്ല'
തിരുവനന്തപുരം: ഓഫർ തട്ടിപ്പിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തനിക്കെതിരെ കേസെടുത്തതെന്ന് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ. തട്ടിപ്പിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയാണ് പ്രതിയാക്കേണ്ടതെന്നും രാമചന്ദ്രൻ നായർ പറഞ്ഞു.
ഓഫർ തട്ടിപ്പിൽ പെരിന്തൽമണ്ണ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് റി.ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ രക്ഷാധികാരി എന്ന് രേഖപ്പെടുത്തിയിരുന്നത്. പരാതിയിൽ ചൂണ്ടിക്കാണിച്ചത് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് പരാതിയിൽ പിഴവ് സംഭവിച്ചതാണെന്ന വിശദീകരണവുമായി അങ്ങാടിപ്പുറം കെഎസ്എസ് ഭാരവാഹികൾ രംഗത്തെത്തിയത്.
ലീഗൽ അഡ്വൈസർ മാത്രമായ താൻ എങ്ങനെ കേസുകളിൽ പ്രതിയാകുമെന്ന് സി.എൻ രാമചന്ദ്രൻ നായർ ചോദിച്ചു. പോലീസിനെതിരെയും രാമചന്ദ്രൻ നായർ വിമർശനം ഉന്നയിച്ചു. മുനമ്പം കമ്മീഷൻ സ്ഥാനത്തുനിന്ന് മാറില്ലെന്നും സി.എൻ രാമചന്ദ്രൻ നായർ പറഞ്ഞു.
എന്നാൽ, തങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും എൻജിഓ കോൺഫെഡറേഷന്റെ എല്ലാ യോഗങ്ങളിലും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പങ്കെടുത്തിരുന്നുവെന്നും പരാതിക്കാർ പ്രതികരിച്ചു. സി.എൻ രാമചന്ദ്രൻ നായരും ആനന്ദകുമാറും രാജിവെച്ച വിവരം ആരുമറിഞ്ഞിട്ടില്ലെന്നാണ് പരാതിക്കാരായ കിസാൻ സർവീസ് സൊസൈറ്റി പറയുന്നത്.
അതേസമയം,കോഴിക്കോട് ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ കൂടി റിട്ടേഡ് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ പ്രതിചേർത്തു. കേസിൽ മൂന്നാം പ്രതിയാക്കിയാണ് എഫ്ഐആർ.