തിരുവനന്തപുരത്ത് ഒന്നേകാൽ കിലോ എംഡിഎംഎയടക്കം രണ്ടുകോടിയിലധികം വിലവരുന്ന ലഹരി ശേഖരം പിടികൂടി;നാലു പേർ കസ്റ്റഡിയിൽ
ഈത്തപ്പഴത്തിന്റെ പെട്ടികൾക്കുള്ളിൽ കറുത്ത കവറിലാക്കിയായിരുന്നു ലഹരി ശേഖരം കൊണ്ടുവന്നത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലിൽ ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണൻ(39), പ്രവീൺ (35) എന്നിവരാണ് പിടിയിലായത്.
വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവും അടങ്ങുന്ന രണ്ടുകോടിയിൽ അധികം വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടികൾക്കുള്ളിൽ കറുത്ത കവറിൽ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കു മരുന്ന് മാഫിയയുടെ ഇടയിൽ ഡോൺഎന്നാണ് സഞ്ജു അറിയപ്പെടുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാളുടെ നേതൃത്വത്തിൽ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
വിദേശത്തുനിന്നും ലഹരി ശേഖരവുമായി എത്തിയ പ്രതികളായ സഞ്ജുവിനെയും നന്ദുവിനെയും കൂട്ടിക്കൊണ്ടുപോകാനായെത്തിയ ഉണ്ണിക്കണ്ണനെയും പ്രവീണിനെയും കല്ലമ്പലം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ഇന്നലെ രാത്രിയാണ് കല്ലമ്പലം ജംഗ്ഷനിൽ വച്ച് ഇന്നോവ കാറിലും പിക് അപ് ലോറിയിലുമായി എത്തിയ ലഹരി സംഘത്തെ പിടികൂടിയത്.