''വയനാടിനെ പാകിസ്താനോട് ഉപമിച്ച ആളാണ്‌ അമിത് ഷാ, ഒരു ഭയവുമില്ല''; കെ.സുരേന്ദ്രന് റിയാസിന്‍റെ മറുപടി

''ഞങ്ങൾക്ക് അമിത് ഷായെ ഒരു ഭയവുമില്ല, ഇതൊക്കെ യു.ഡി.എഫിനോട് പറഞ്ഞാല്‍ മതി... അവർ അതിനനുസരിച്ച് ജോഡോ യാത്രയുടെ റൂട്ടൊക്കെ മാറ്റി ഇട്ടോളും''

Update: 2023-02-27 11:17 GMT

പി.എ മുഹമ്മദ് റിയാസ്

Advertising

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. അമിത് ഷാ എന്ന് കേള്‍ക്കുമ്പോള്‍ റിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭയമുണ്ടാകുമെന്നായിരുന്നു സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഞങ്ങൾക്ക് അമിത് ഷായെ ഒരു ഭയവുമില്ല, ഇതൊക്കെ യു.ഡി.എഫിനോട് പറഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ പേടിച്ചേക്കും എന്നായിരുന്നു സുരേന്ദ്രന്‍റെ പരിഹാസത്തിന് റിയാസിന്‍റെ മറുപടി.

''അമിത് ഷായെ ഞങ്ങൾക്കൊക്കെ ഭയമാണെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞത്. ഞങ്ങൾക്ക് അമിത് ഷായെ ഒരു ഭയവുമില്ല. ഓണം ആഘോഷിക്കുന്ന മലയാളികളെയും, വയനാടിനെ പാകിസ്താനോട് ഉപമിച്ചും അപമാനിച്ച ആളാണ്‌ അമിത് ഷാ. യു.ഡി.എഫിനോട് വേണമെങ്കിൽ ഇതൊക്കെ പറഞ്ഞ് നിങ്ങള്‍ക്ക് ഭയപ്പെടുത്താം. അവർ അതിനനുസരിച്ച് ജോഡോ യാത്രയുടെ റൂട്ടൊക്കെ മാറ്റി ഇട്ടോളും...ഞാൻ രാഷ്ട്രീയപരമായി മാത്രമെ മറുപടി നൽകുന്നുള്ളു, വ്യക്തിപരമായി ഞാൻ ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല... രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി നേരിടാനുള്ള മര്യാദ കെ.സുരേന്ദ്രൻ കാണിക്കണം''. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മാർച്ച്‌ അഞ്ചിന് അമിത് ഷാ കേരളത്തിലെത്തുമെന്നും തൃശ്ശൂരിൽ പ്രസംഗിക്കുമെന്നും കെ. സുരേന്ദ്രന്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അമിത് ഷാ എന്ന് കേൾക്കുമ്പോൾ മത ഭീകര വാദികൾക്കും പ്രതിലോമ ചിന്തയുള്ളവർക്കും ഭയമുണ്ടാകും. അവരെ സഹായിക്കുന്നവർക്കും ഭയമുണ്ട്. അതാണ് റിയാസിലും കാണുന്നത്. എന്നായിരുന്നു കെ.സുരേന്ദ്രന്‍റെ പ്രതികരണം.



Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News