Writer - അൻഫസ് കൊണ്ടോട്ടി
anfas123
കൊച്ചി: പാനൂരിലെ യുഡിഎഫ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറിയുള്ള സിപിഎം ആക്രമണത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ നാട്ടിലാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നത്. സിപിഎം എത്രയും വേഗം ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി വളര്‍ന്നത് സിപിഐഎം ചിലവിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു. ബിജെപി വഴിയില്‍ താമര ഇതളുകള്‍ വിതറിയത് സിപിഎമ്മിന്റെ പ്രവര്‍ത്തിയാണ്. എം.എം മണിയുടെ പരാമര്‍ശം സിപിഐഎം നേതാക്കളുടെ മനസ്സിലിരിപ്പാണെന്നും തോറ്റുവെന്ന് അവരെ ബോധ്യപ്പെടുത്താന്‍ പ്രയാസമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
'തോറ്റുവെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്താന്‍ പാടാണ്. എം.വി ഗോവിന്ദന്‍ താത്വികമായി വിശകലനം ചെയ്ത് ജയിച്ചുവെന്ന് സമര്‍ത്ഥിക്കും. ബിജെപി ഇത്തവണ നേട്ടമുണ്ടാക്കിയത് പൂര്‍ണമായും സിപിഎമ്മിന്റെ ചിലവിലാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി വഴിയില്‍ താമര ഇതളുകള്‍ വിരിയിക്കുന്നതില്‍ അവരുടെ പങ്ക് ചില്ലറയല്ല.' പ്രതിപക്ഷ നേതാവ് പറഞ്ഞു.
'തിരുവനന്തപുരത്ത് തുടര്‍ന്ന് സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് യുഡിഎഫ് ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസിന്റെ ഒരു വോട്ടും അവിടെ നഷ്ടമായിട്ടില്ല.' തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കണക്കുകൂട്ടിയ വിജയമായിരുന്നുവെന്നും യുഡിഎഫ് ഉയര്‍ത്തിയ വിഷയങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.