നവകേരള സദസ്സിന് പറവൂർ നഗരസഭ അനുവദിച്ച ഒരു ലക്ഷം രൂപ തിരിച്ചുനല്‍കി

കൗൺസിലിനെ മറികടന്ന് പണം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു

Update: 2024-01-04 14:41 GMT
Advertising

കൊച്ചി: നവകേരള സദസ്സിന് പറവൂർ നഗരസഭ സെക്രട്ടറി അനുവദിച്ച ഒരുലക്ഷം രൂപ തിരിച്ചുനൽകി. നവകേരള സദസ്സിന്റെ പന്തലൊരുക്കിയ സ്ഥാപനത്തിനാണ് പണം തിരികെ നൽകിയത്. ഈ സ്ഥാപനമാണ് നഗരസഭയിൽ പണം തിരിച്ചടച്ചത്. നഗരസഭാ കൗൺസിലിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് സെക്രട്ടറി പണം അനുവദിച്ചത്. കൗൺസിലിനെ മറികടന്ന് പണം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അൽപ്പസമയം മുമ്പാണ് പണം തിരിച്ചടച്ചത്. നഗരസഭാ കൗൺസിലിന്റെ തീരുമാനത്തിന് വിരുദ്ധമായി പണം അനുവദിച്ചത് തെറ്റായ നടപടിയാണെന്ന് ഹൈക്കോടതിയക്കം കണ്ടെത്തിയിരുന്നു.

നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ പറവൂർ നഗരസഭ റദ്ദാക്കിയിരുന്നു. പണം അനുവദിക്കാൻ തീരുമാനിച്ചത് നഗരസഭ സെക്രട്ടറിയുടെ തെറ്റായ നീക്കമായിരുന്നു. സർക്കാർ ഉത്തരവുണ്ടെന്ന് സെക്രട്ടറി തെറ്റിധരിപ്പിച്ചെന്നും നഗരസഭ ചെയർപേഴ്സൺ പറഞ്ഞത്. തുടര്‍ന്ന് നഗരസഭ സെക്രട്ടറിയെ ഭരണപക്ഷ കൗൺസിലർമാർ ഉപരോധിക്കുകയും ചെയ്തിരുന്നു.

ചെക്കില്‍ ഒപ്പിട്ടാല്‍ ആ പണം സെക്രട്ടറിയില്‍ നിന്ന് ഈടാക്കുമെന്ന് നഗരസഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് സെക്രട്ടറി ചെക്കില്‍ ഒപ്പിട്ടിരിക്കുന്നത്. അതേസമയം, പറവൂർ നഗരസഭ ഏകകണ്ഠേനയാണ് നവകേരള സദസ്സിന് പണമനുവദിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെ അദ്ദേഹത്തിന്റെ പാർട്ടിക്കാർ വിലമതിക്കില്ല എന്നാണത് വ്യക്തമാക്കുന്നതെന്നും അപവാദ പ്രചരണങ്ങൾ നടത്തിയവർ അപഹാസ്യരാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News