പി.സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണം: നാഷണൽ യൂത്ത് ലീഗ്
ഇന്നലെ രാവിലെ ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
കോഴിക്കോട് : സംഘ്പരിവാർ ഫാഷിസ്റ്റുകളെ വെള്ള പൂശാനും, പ്രീതിപ്പെടുത്താനും ന്യൂനപക്ഷങ്ങൾക്ക് നേരെ വർഗീയ വിഷം തുപ്പുന്ന പി.സി ജോർജിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് നാഷണൽ യൂത്ത് ലീഗ്. മുസ്‌ലിംകളെ ഹീനമായ ഭാഷയിൽ അധിക്ഷേപിച്ച ജോർജിന്റെ തുടർച്ചയായ പ്രസ്താവനകൾ ഗൗരവതരമാണെന്ന് കോടതികൾ കണ്ടെത്തിയിരുന്നു. ഈ കൊടും വർഗീയവാദിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിന്റെ പേരിലാണ് യൂത്ത് ലീഗിന്റെ പരാതിയിൽ പി.സി ജോർജിനെതിരെ പൊലീസ് കേസെടുത്തത്. മൂൻകൂർ ജാമ്യത്തിനായി ജോർജ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. പി.സി ജോർജ് ഒളിവിൽ പോയെന്നാണ് സൂചന.
പൊലീസ് രണ്ട് തവണ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയെങ്കിലും ജോർജിനെ കാണാനായില്ല. ജോർജ് വീട്ടിലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. തിങ്കളാഴ്ച ഹാജരാകാമെന്ന് ജോർജ് അഭിഭാഷകൻ വഴി പൊലീസിനെ അറിയിച്ചിട്ടുണ്ട്.