'പ്രകടനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല'; ചങ്ങനാശ്ശേരിയിലെ ഐ.എൻ.ടി.യു.സി പ്രകടനത്തെ തള്ളി സംസ്ഥാന അധ്യക്ഷൻ

''എഐസിസിയുടെ സർക്കുലറിലടക്കം ഐഎൻടിയുസിയുടെ സ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. പരാതിയും പരിഭവവും പറയേണ്ട സമയമല്ലിത്''

Update: 2022-04-01 07:26 GMT
Advertising

ചങ്ങനാശ്ശേരിയിലെ ഐ.എൻ.ടി.യു.സി പ്രകടനത്തെ തള്ളി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. പ്രകടനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പ്രകടനം നടത്തിയ നടപടി തെറ്റാണെന്നുമാണ് ചന്ദ്രശേഖരന്റെ നിലപാട്. ഐഎൻടിയുസി യുടെ ജില്ലാ അധ്യക്ഷൻമാരുമായി ഇന്നുതന്നെ ആശയവിനിമയം നടത്തുമെന്നും കോൺഗ്രസിനൊപ്പം ആണ് ഐഎൻടിയുസി എന്നും ചന്ദ്രശേഖരൻ പറഞ്ഞു.

ഐ എൻ ടി യു സി പ്രവർത്തകർ പ്രതിഷേധങ്ങൾ നടത്തരുത്. എഐസിസിയുടെ സർക്കുലറിലടക്കം ഐഎൻടിയുസിയുടെ സ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. പരാതിയും പരിഭവവും പറയേണ്ട സമയമല്ലിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമർശത്തിനെതിരെയാണ് ചങ്ങനാശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടന്നത്. സതീശൻ ഉന്നയിച്ച പ്രസ്താവന പിൻവലിക്കണമെന്നാണ് ഐ.എൻ.ടി.യു.സി യുടെ ആവശ്യം. സതീശൻ പ്രസ്താവന പിൻ വലിക്കുകയാണോ അല്ലെങ്കിൽ നിലപാടിൽ ഉറച്ച് നിൽക്കുയാണോ ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ഐ.എൻ.ടി.യു.സി വർക്കിംഗ് കമ്മിറ്റി അംഗം വി.പി തോമസ് ആവശ്യപ്പെട്ടു.

ഇതിന്റെ പേരിൽ എന്ത് നടപടിയുണ്ടായാലും അതെല്ലാം നേരിടാൻ തയ്യാറാണെന്നാണ് ഇവരുടെ നിലപാട്. കോൺഗ്രസിന്റെ മറ്റു സംഘടനകൾ പോലെ എക്കാലത്തും കോൺഗ്രസിനോടു ചേർന്നു പ്രവർത്തിച്ച സംഘടനയാണ് ഐ.എൻ.ടി.യു.സി. അത്തരത്തിലൊരു സംഘടനയെ സതീശൻ തള്ളിപ്പറഞ്ഞത് ശരിയായില്ല എന്നും ഐ.എൻ.ടി.യു.സി പറഞ്ഞു. കോട്ടയത്ത് കെ റെയിൽ വിരുദ്ധ സമര പരിപാടിയിൽ പങ്കെടുക്കാൻ സതീശൻ ഇന്ന് കോട്ടയത്ത് എത്തുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരത്തിലൊരു പ്രതിഷേധം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News