പേരാവൂര്‍ ചിട്ടിതട്ടിപ്പ്; എം വി ജയരാജന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ച, നിക്ഷേപകര്‍ സമരം അവസാനിപ്പിച്ചേക്കും

സഹകരണ സംഘത്തിന്‍റെ ആസ്തികള്‍ വിറ്റും നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്ന് സമരസമിതി പ്രതിനിധികള്‍ക്ക് എം.വി ജയരാജന്‍ ഉറപ്പ് നല്‍കിയിരുന്നു.

Update: 2021-10-16 01:19 GMT
Advertising

കണ്ണൂര്‍ പേരാവൂരിലെ ചിട്ടിതട്ടിപ്പില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് നിക്ഷേപകര്‍ യോഗം ചേരും. കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സെക്രട്ടറിയുമായി നടന്ന ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങൾ യോഗത്തില്‍ ചര്‍ച്ചയാവും. സഹകരണ സംഘത്തിന്‍റെ ആസ്തികള്‍ വിറ്റും നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്ന് സമരസമിതി പ്രതിനിധികള്‍ക്ക് എം.വി ജയരാജന്‍ ഉറപ്പ് നല്‍കിയിരുന്നു.

വെളളിയാഴ്ച രാത്രി നടന്ന ചര്‍ച്ചയിലാണ് നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്ന് സമര സമിതി പ്രതിനിധികള്‍ക്ക് സി.പി.എം ജില്ലാ സെക്രട്ടറി ഉറപ്പ് നല്‍കിയത്. സംഘത്തിന്‍റെ ആസ്തി വിറ്റ് ബാധ്യത തീര്‍ക്കാന്‍ സഹകരണ വകുപ്പിന്‍റെ അനുമതി തേടിയിട്ടുണ്ട്. ആറ് മാസത്തിനകം പണം തിരികെ നല്‍കുമെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ ഉറപ്പ്. എം വി ജയരാജന്‍റെ പെരളശേരിയിലെ വീട്ടിലായിരുന്നു ചര്‍ച്ച.

സി.പി.എം നെടുമ്പോയില്‍ ലോക്കല്‍ സെക്രട്ടറിയും സഹകരണ സംഘം മുന്‍ പ്രസിഡണ്ടുമായ കെ.പ്രിയന്‍റെ വീട്ടിലേക്ക് ഇന്ന് നിക്ഷേപകര്‍ നടത്താന്‍ നിശ്ചയിച്ച മാര്‍ച്ച് മാറ്റി വെക്കണമെന്നും എം.വി ജയരാജന്‍ ആവശ്യപ്പെട്ടു. നാളെ പാര്‍ട്ടിയുടെ നെടുമ്പോയില്‍ ലോക്കല്‍ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ന് പേരാവൂരില്‍ നിക്ഷേപകര്‍ യോഗം ചേരും. നിലവില്‍ നടക്കുന്ന പ്രത്യക്ഷ സമര പരിപാടികള്‍ തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. ബാധ്യത ഏറ്റെടുക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം തയ്യാറായ സാഹചര്യത്തില്‍ ഈ നിലപാട് നിക്ഷേപകര്‍ അംഗീകരിക്കാനാണ് സാധ്യത.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News