'ഇംഗ്ലീഷ് പറയുന്നതല്ല നേതാവിൻ്റെ ഗുണം'; തരൂരിനെതിരെ പി.ജെ കുര്യൻ
ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ് ജനനേതാവാകേണ്ടത്
ഡല്‍ഹി: ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് പി.ജെ കുര്യൻ. ശശി തരൂർ അതൃപ്തി അറിയിക്കേണ്ടിയിരുന്നത് കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ് ജനനേതാവാകേണ്ടത്. തരൂർ തിരുവനന്തപുരത്ത് ഉള്ളതിനെക്കാൾ കൂടുതൽ വിദേശത്താണ്. ആദ്യം കോൺഗ്രസിൻ്റെ മണ്ഡലം, ബ്ലോക്ക് യോഗങ്ങളിലെല്ലാം പങ്കെടുത്ത് പ്രവർത്തിക്കണം. ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോഗ്യത. അങ്ങനെയെങ്കിൽ ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ട സോമനാഥിനെ നേതാവാക്കാമല്ലോ? തരൂർ പറയുന്നതിൽ ഒരടിസ്ഥാനവുമില്ല. അദ്ദേഹത്തെ വന്നയുടൻ എംപിയും മന്ത്രിയുമാക്കിയെന്നും കുര്യൻ കുറ്റപ്പെടുത്തി.
ഡൽഹിയിൽ നിന്നും നല്ല തീരുമാനം ഉണ്ടാകട്ടെ എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിനെ ശക്തിപ്പെടുത്തി ഏകീകൃത രൂപത്തിൽ മുന്നോട്ടുപോകാൻ കഴിയട്ടെ. രണ്ടുതവണ കേരളത്തിൽ അധികാരം പോയി മൂന്നാമതൊരു തവണ കൂടി അങ്ങനെ ഉണ്ടായിക്കൂടാ. മുഖ്യമന്ത്രി ആര് എന്നുള്ള സംസാരം തന്നെ അപക്വമാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായം അറിയിച്ചെങ്കിൽ അത് അദ്ദേഹത്തിന്‍റെ കാര്യമാണ്.
മുല്ലപ്പള്ളി എന്ന യോഗത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്നറിയില്ല. ആദ്യം 72 സീറ്റ് കിട്ടട്ടെ എന്നിട്ട് മുഖ്യമന്ത്രി ആരെന്ന് ആലോചിക്കാം. ആ വികാരത്തിനൊപ്പം നേതാക്കൾ എല്ലാവരും നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.